

2026 ടി20 ലോകകപ്പിൽ അപരാജിതക്കുതിപ്പ് തുടർന്ന് സൂപ്പർ എട്ടിലേക്ക് മുന്നേറിയിരിക്കുകയാണ് ടീം ഇന്ത്യ. നെതർലാൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ 17 റൺസിന്റെ ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ ടീമിന്റെ പ്രകടനത്തെ കുറിച്ചും ടൂർണമെന്റിലെ ഭാവിയെകുറിച്ചും സംസാരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീമിന്റെ പ്രകടനത്തിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയ സൂര്യ തങ്ങൾ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഏതൊരു വെല്ലുവിളിയെയും നേരിടാൻ ടീം ഇനിയും സജ്ജമാണെന്നും സൂര്യകുമാർ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.
മത്സരശേഷം പ്രതികരിക്കവേയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഞങ്ങൾ ഒരുപാട് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി കഴിഞ്ഞു. വിജയിക്കുമ്പോഴും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും, ഇന്ന് ഞങ്ങൾ അത് ചെയ്തു. മഞ്ഞുവീഴ്ചയുള്ളതിനാൽ ബോളർമാർക്ക് പന്തെറിയുക അൽപം വെല്ലുവിളിയായിരുന്നു. എങ്കിലും അന്തിമഫലത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്', സൂര്യകുമാർ പറഞ്ഞു.
നേരത്തെ വിക്കറ്റുകൾ നഷ്ടമായാലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ ബാറ്റർമാർക്ക് സാധിക്കണം. ഒരാളോ രണ്ടാളോ തിളങ്ങിയാൽ മാത്രം പോരാ, മറിച്ച് എല്ലാവരുടെയും സംഭാവനകൾ ഉണ്ടാകണം. ദുബെയുടെ പ്രകടനത്തെയും നായകൻ വാനോളം പുകഴ്ത്തി. ഇന്ത്യ മത്സരത്തിൽ ഏഴ് ബോളർമാരെ പരീക്ഷിച്ചിരുന്നു. ഇത് തനിക്ക് സന്തോഷകരമായ ഒരു തലവേദനയാണെന്നും പിച്ചിന്റെ സ്വഭാവമനുസരിച്ച് ഉപയോഗിക്കാൻ ടീമിൽ മികച്ച ബോളിങ് ഓപ്ഷനുകൾ ഉണ്ടെന്നും സൂര്യകുമാർ കൂട്ടിചേർത്തു.
Content Highlights: T20 World Cup 2026: Suryakumar Yadav Fires Warning To Opponents Ahead Of Super 8s