

പാകിസ്താന്‍ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ സാനിയ അഷ്ഫാഖ്. തന്നേയും കുട്ടികളേയും ഉപേക്ഷിച്ച് ഇമാദ് രണ്ടാമത്തെ വിവാഹംകഴിച്ചതോടെയാണ് സാനിയ ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. ഈ മാസമാണ് ഇമാദ് വസീം അഭിഭാഷകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ നൈല രാജയെ വിവാഹം കഴിച്ചത്.
ഇമാദിനെ വഞ്ചകനെന്നും കുടുംബം തകർത്തയാളെന്നും കൊലപാതകിയെന്നും വിളിച്ച് നിരവധി പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ സാനിയ പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ വിവാഹ വീഡിയോ പങ്കുവെച്ച സാനിയ ഇമാദിനെ ദാമ്പത്യം തകർത്തവനെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് തന്നെ വിധേയയാക്കിയെന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇമാദിന്റെ പ്രവൃത്തികള്‍ കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് അയാള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സാനിയ ആവശ്യപ്പെട്ടു. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ ഇമാദിനെ ടീമിലെടുത്ത ഇസ്ലാമാബാദ് യുണൈറ്റഡിനെയും സാനിയ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
'2023 ഡിസംബറിൽ ലാഹോറിൽവെച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി. അയാൾ ഒരു കൊലപാതകിയാണ്, അത് തെളിയിക്കുന്ന ഒരു വീഡിയോയും എന്റെ പക്കലുണ്ട്. അയാൾ എന്നെ വഞ്ചിച്ചു. ഇസ്ലാമാബാദ് യുണൈറ്റഡ് ഒരു കൊലപാതകിക്കും വഞ്ചകനും അവസരം നൽകി', സാനിയ കുറിച്ചു.
നൈലയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെയാണ് ഇമാദിന്റെ ദാമ്പത്യ ബന്ധം തകര്‍ന്നത്. ഇമാദ് വസീം - സാനിയ അഷ്ഫാഖ് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് തന്നെ ചതിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയി എന്നാണ് സാനിയയുടെ ആരോപണം. ലണ്ടനില്‍ ഇമാദും നൈലയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാനിയക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാനിയയുമായുള്ള ദാമ്പത്യ ബന്ധത്തില്‍ വിള്ളലുകളുണ്ടായത്. അധികം വൈകാതെ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു.
സാനിയയുമായി ബന്ധം പിരിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നൈലയെ ഇമാദ് വിവാഹം ചെയ്തു. 2019ലായിരുന്നു ഇമാദും സാനിയയും തമ്മിലുള്ള വിവാഹം. വിവാഹിതനായിരിക്കെ 2025 ജൂലായില്‍ ലണ്ടനില്‍ ഇമാദും നൈലയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. സാനിയ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ഇത്.
Content Highlight: Ex-wife Sania Ashfaq levels fresh allegations against cricketer Imad Wasim as he remarries