

അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു .ശക്തരായ ഓസ്‌ട്രേലിയയെ കീഴടക്കി എത്തുന്ന ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.
അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. സെഞ്ച്വറി നേടിയ മലയാളി താരം ആരോൺ ജോർജും പ്രതീക്ഷയാണ്.
വിഹാൻ മൽഹോത്രയും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവും എല്ലാം അവസരത്തിനൊത്ത് ഉയരാൻ കെൽപ്പുള്ളവരാളാണ്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടും ആരാധകർ പ്രതീക്ഷിക്കുന്നു.
അഫ്ഗാനിസ്ഥാനെതിരായ സെമിയിൽ 300-ന് മുകളിൽ റൺസ് വഴങ്ങിയത് ഇന്ത്യക്ക് ബൗളിങ്ങിൽ ചെറിയ ആശങ്ക നൽകുന്നുണ്ട്. എങ്കിലും ദീപേഷ് ദേവേന്ദ്രൻ, ഹെനിൽ പട്ടേൽ എന്നിവരടങ്ങുന്ന പേസ് നിരയും കനിഷ്ക് ചൗഹാന്‍റെ സ്പിൻ കരുത്തും ഫൈനലിൽ നിർണ്ണായകമാകും.
ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കരുത്തായ ബെൻ മെയ്‌സിനെയും (399 റൺസ്) ക്യാപ്റ്റൻ തോമസ് റ്യൂവിനെയും നേരത്തെ പുറത്താക്കുക എന്നതാണ് ഇന്ത്യൻ ബൗളർമാരുടെ ലക്ഷ്യം. ടൂർണമെന്‍റിൽ ഇതിനോടകം 15 വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലണ്ടിന്‍റെ മാന്നി ലംസ്‌ഡൻ ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക.
Content Highlights: Under 19 Worldcup; India vs England Final Preview