

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. 80 പന്തില്‍ 15 സിക്സും 15 ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായ ഇന്നിങ്സ് കാഴ്ചവെച്ച വൈഭവാണ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഫൈനലിലെ താരവും വൈഭവ് തന്നെ.
ഇപ്പോഴിതാ ഈ പുരസ്കാരങ്ങൾ ടീമിന് സമർപ്പിക്കുകയാണ് വൈഭവ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷമാണ് സപ്പോർട്ടിങ് സ്റ്റാഫുകളുടെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണെന്ന് വൈഭവ് തുറന്നുപറഞ്ഞത്. വൈഭവിന്‍റെ വാക്കുകള്‍ ആരാധകരുടെ ഹൃദയവും കീഴടക്കിയിരിക്കുകയാണ്.
'എനിക്ക് എന്താണ് തോന്നുന്നതെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ പുരസ്‌കാരങ്ങള്‍ ഞാൻ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ 7-8 മാസമായി ടീമിലെ എല്ലാവരും കഠിനമായി അധ്വാനിക്കുകയാണ്. പരിശീലകര്‍ ഞങ്ങളുടെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഞങ്ങളില്‍ അനാവശ്യമായ സമ്മര്‍ദ്ദം ഞങ്ങള്‍ ചെലുത്തിയിരുന്നില്ല. കാര്യങ്ങള്‍ ലളിതമായി കാണാനാണ് ശ്രമിച്ചത്. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ പിന്തുടര്‍ന്ന അതേ ശൈലി തന്നെ ഫൈനലിലും തുടര്‍ന്നു', വൈഭവ് പറഞ്ഞു.
Content Highlights: U19 World Cup 2026: 'I would dedicate the award to them', Vaibhav Suryavanshi after India’s victory