വിജയത്തിന് ശേഷം രഘുവിന്‍റെ പാദം തൊട്ട് വന്ദിച്ച് സൂര്യകുമാർ യാദവ്; വൈറലായി വീഡിയോ

37 പന്തില്‍ പുറത്താകാതെ 82 റൺസെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാർ യാദവാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്

വിജയത്തിന് ശേഷം രഘുവിന്‍റെ പാദം തൊട്ട് വന്ദിച്ച് സൂര്യകുമാർ യാദവ്; വൈറലായി വീഡിയോ
dot image

എന്തൊക്കെ സംഭവിച്ചാലും വന്ന വഴി മറക്കരുതെന്ന് പറയാറുണ്ട്. അങ്ങനെ വിജയത്തിനിടയിലും ഗുരുവിനെ മറന്നില്ല ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. കളിയിലെ മികവ് ഒന്നുകൊണ്ട് മാത്രമല്ല, വിനയം കൊണ്ടും ആരാധകരുടെ മനം കീഴടക്കിയ താരമാണ് അദ്ദേഹം. വീണ്ടും ആരാധകരുടെ മനം കവരുകയും, അവരുടെ കയ്യടികൾ നേടിയിരിക്കുകയാണ് സ്കൈ എന്ന് വിളിപ്പേരുള്ള ആ ജേഴ്‌സി നമ്പർ 63.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിലെ തകർപ്പൻ വിജയത്തിന് ശേഷം ഇന്ത്യൻ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രഘുവിന്റെ പാദം തൊട്ട് വന്ദിക്കുന്ന സൂര്യകുമാറിന്‍റെ ദൃശ്യങ്ങൾ ഇപ്പോള്‍ ആരാധകരുടെ കൈയടി നേടുകയാണ്. നീണ്ട 23 ഇന്നിംഗ്‌സുകളുടെയും 468 ദിവസത്തെയും ഇടവേളയ്ക്ക് ശേഷമുള്ള സൂര്യയുടെ ആദ്യ അർധസെഞ്ച്വറി നേട്ടമായിരുന്നു റായ്‌പൂരിലേത്. 37 പന്തില്‍ 82 റണ്‍സാണ് നായകൻ പുറത്താകാതെ അടിച്ചുകൂട്ടിയത്. ലോകകപ്പിന് തൊട്ടു മുമ്പ് സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യൻ ടീമിന് ആശ്വാസം നൽകുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി തന്‍റെ സിഗ്നേച്ചർ ഷോട്ടുകളിലൂടെയായിരുന്നു സൂര്യകുമാര്‍ ടീമിനെ വിജയത്തിന്റെ പടികൾ കയറ്റിയത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തുടക്കത്തിലെ ഡഗ്ഔട്ടിലേക്ക് മടങ്ങിയപ്പോൾ ഇഷാന്‍ കിഷനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടോടെ പോരാടിയ സൂര്യ ഇന്ത്യൻ ജയം അനായാസമാക്കി.

ഈ ഉജ്ജ്വല ജയത്തിന് പിന്നാലെ ഡഗ് ഔട്ടിലേക്ക് നീങ്ങിയ സൂര്യകുമാർ യാദവ് നേരെ രഘുവിന്‍റെ അടുത്തേക്ക് ചെന്ന് അദ്ദേഹത്തിന്‍റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിന്നതാണ് വീഡിയോയിൽ ഉള്ളത്. കരിയറിലെ മോശം സമയത്തും തനിക്കായി നെറ്റ്സിൽ പിന്തുണ നൽകിയ സ്റ്റാഫ് അംഗത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യൻ നായകൻ ആ പ്രവർത്തിയിലൂടെ. ക്യാപ്റ്റന്‍റെ ആ ആദരവ് ആരാധകരും ഏറ്റെടുത്തു.

ആരാണ് ഈ രഘു?

ഇന്ത്യൻ വിജയങ്ങൾക്ക് പിന്നിലെ അദൃശ്യ സാന്നിധ്യം, അതാണ് രഘു. മുഴുവൻ പേര് രാഘവേന്ദ്ര ദ്വിവേദി. ടീം ഇന്ത്യയുടെ 'ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്' ആയ രഘു കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഇന്ത്യൻ താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞു നല്‍കുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങി എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയവരെല്ലാം തങ്ങളുടെ ബാറ്റിംഗ് മികവിന് പിന്നിൽ രഘുവിന്‍റെയും കരങ്ങളും കഠിനാധ്വാനവുമുണ്ടെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

Content highlights: Suryakumar Yadav greets Raghu by touching his feet; fans take over

dot image
To advertise here,contact us
dot image