കടുംപിടുത്തവുമായി ICC; ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് പിന്മാറിയാല്‍ പകരമെത്തുക ഈ സര്‍പ്രൈസ് ടീം

ബംഗ്ലാദേശ് ഇന്ത്യയിലേക്ക് യാത്ര ചെയ്തില്ലെങ്കിൽ അവർക്ക് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്നാണ് ഐസിസിയുടെ അന്ത്യശാസനം

കടുംപിടുത്തവുമായി ICC; ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് പിന്മാറിയാല്‍ പകരമെത്തുക ഈ സര്‍പ്രൈസ് ടീം
dot image

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) അഭ്യർഥന നിരസിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബംഗ്ലാദേശ് ഇന്ത്യയിലേക്ക് യാത്ര ചെയ്തില്ലെങ്കിൽ അവർക്ക് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്നാണ് ഐസിസിയുടെ അന്ത്യശാസനം. നിലവിലെ ഷെഡ്യുൾ പ്രകാരം തന്നെ മുന്നോട്ട് പോകാനാണ് ഐസിസിയുടെ തീരുമാനം.‌ ഇതോടെ ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കാനിരിക്കുന്ന ടൂർണമെന്റ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ത്യയിൽ നടക്കും.

ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. 16 അംഗ ഐസിസി ബോർഡിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും ഷെഡ്യൂൾ മാറ്റുന്നതിനെ എതിർക്കുകയായിരുന്നു. ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള സ്കോട്ട്‌ലൻഡ് പകരം ടൂർണമെന്റിൽ കളിക്കും. ഇന്ത്യയിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഐസിസി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച നടന്ന എല്ലാ അംഗങ്ങളും പങ്കെടുത്ത അടിയന്തര ബോർഡ് യോഗത്തിലാണ് തീരുമാനം. ഇന്ത്യയിലെ വേദികളിൽ ബംഗ്ലാദേശ് താരങ്ങൾക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് സ്വതന്ത്ര സുരക്ഷാ ഏജൻസികളുടെ വിലയിരുത്തലുകൾ ചൂണ്ടിക്കാട്ടി ഐസിസി വ്യക്തമാക്കി. 12 ബോർഡ് അംഗങ്ങളിൽ രണ്ടുപേർ ഒഴികെ എല്ലാവരും ടി20 ലോകകപ്പ് ഷെഡ്യൂളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനെതിരേ വോട്ട് ചെയ്തു.

നേരത്തെ ഇന്ത്യയിൽ സുരക്ഷ ഭീഷണി ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്‍റെ മത്സരങ്ങളുടെ വേദി മാറ്റാനായി ബിസിബി ഐസിസിക്ക് കത്തയച്ചിരുന്നു. പക്ഷേ ബംഗ്ലാദേശിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും വേദി മാറ്റാൻ നിർവാഹമില്ലെന്നും ഐസിസി യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. അതിനിടെ പാകിസ്താൻ ബംഗ്ലാദേശിന് പിന്തുണയുമായി രംഗത്ത് വന്നതായും റിപ്പോർട്ടുണ്ട്.

Content Highlights: T20 World Cup: ICC reject Bangladesh's request, Play in India or be replaced by Scotland

dot image
To advertise here,contact us
dot image