ICC യുടെയും BCCI യുടെയും സമ്മർദ്ദത്തിന് വഴങ്ങില്ല; ഇന്ത്യയിൽ കളിക്കില്ലെന്ന് ആവർത്തിച്ച് ബംഗ്ലാദേശ്

ജനുവരി 21 ന് മുമ്പ് മറുപടി നല്‍കണമെന്ന ഐസിസിയുടെ അന്ത്യശാസനം തള്ളി ബംഗ്ലാദേശ്

ICC യുടെയും BCCI യുടെയും സമ്മർദ്ദത്തിന് വഴങ്ങില്ല; ഇന്ത്യയിൽ കളിക്കില്ലെന്ന് ആവർത്തിച്ച് ബംഗ്ലാദേശ്
dot image

ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കുന്ന കാര്യത്തില്‍ ജനുവരി 21 ന് മുമ്പ് മറുപടി നല്‍കണമെന്ന ഐസിസിയുടെ അന്ത്യശാസനം തള്ളി ബംഗ്ലാദേശ്. നിലവിലെ സാഹചര്യത്തിൽ ടി 20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകളുടെ പേരിലോ അനാവശ്യ സമ്മര്‍ദ്ദമോ ചെലുത്തി ബംഗ്ലാദേശിനെ അനുസരിപ്പിക്കാന്‍ നോക്കേണ്ടെന്നും കായിക മന്ത്രാലയം ഉപദേശകന്‍ ആസിഫ് നസ്റുള്‍ വ്യക്തമാക്കി.

21ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശിന് പകരം സ്കോട്‌ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കുമെന്ന ഐസിസി നിലപാടും നസ്‌റുള്‍ തള്ളി. ഞങ്ങള്‍ക്ക് പകരം സ്കോട്‌ലന്‍ഡിനെ കളിപ്പിക്കുമെന്നതിനെക്കുറിച്ച് ഒന്നും ഇതുവരെ കേട്ടിട്ടില്ല, നസ്റുള്‍ ആവർത്തിച്ചു.

സുരക്ഷാപരമായ കാരണങ്ങളാലാണ് ഇന്ത്യയില്‍ കളിക്കാത്തതെന്ന നിലപാടില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഉറച്ചുനില്‍ക്കുകയാണ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഐപിഎൽ 2026 ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് പ്രതിസന്ധി ഉടലെടുത്തത്.

കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടുവരികയാണ്. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ​ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബം​ഗ്ലാദേശിന്റെ ആവശ്യം. ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം.

Content Highlights:Bangladesh will not bow to pressure from ICC and BCCI

dot image
To advertise here,contact us
dot image