

വിജയ് ചിത്രം ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഹൈക്കോടതിയിൽ വാദങ്ങൾ ഉയരുകയാണ്. സിനിമ എത്തുമെന്ന കാര്യത്തിൽ തീരുമാനം ഇന്നറിയാം. സിനിമയ്ക്ക് 14 കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഇത് ഇടക്കാല നിർദേശം മാത്രമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡ് കോടതിയെ അറിയിച്ചു. ജനനായകൻ സിനിമയുടെ നിർമാണ തുക 500 കോടിയിലും സെൻസർ ബോർഡ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശനാണ് സെൻസർ ബോർഡിനുവേണ്ടി ഹാജരായത്. ചിത്രത്തിന്റെ റിലീസ് തിയ്യതി മുൻകൂട്ടി തീരുമാനിച്ചതിനേയും ബോർഡ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.
ജനനായകൻ റിവൈസിങ് കമ്മിറ്റിയിലേക്ക് അയക്കുമെന്ന് ജനുവരി ആറിന് നിർമാതാക്കളെ അറിയിച്ചുവെന്ന് ബോർഡ് കോടതിയിൽ ആവർത്തിച്ചു. സിബിഎഫ്‌സി ചെയർപേഴ്‌സൺ ജനനായകന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. നിലവിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. അസാധാരണമായ നീക്കമാണ് സെൻസർ ബോർഡിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്നും സിനിമയുടെ നിർമാതാക്കൾ ചൂണ്ടിക്കാട്ടി.
സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചത്.
ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
Content Highlights: Questions have been raised over reports that the film Jananayagan has a budget of ₹500 crore, with the Censor Board seeking clarification on the pre-decided release date.