36 പന്തിൽ 47 റൺസെടുത്തു നിൽക്കെ റിട്ടയേര്‍ഡ് ഔട്ടാവാൻ ആവശ്യപ്പെട്ട് അഭിഷേക് നായര്‍, അമ്പരന്ന് ഹർലീൻ ഡിയോൾ

യുപിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്.

36 പന്തിൽ 47 റൺസെടുത്തു നിൽക്കെ റിട്ടയേര്‍ഡ് ഔട്ടാവാൻ ആവശ്യപ്പെട്ട് അഭിഷേക് നായര്‍, അമ്പരന്ന് ഹർലീൻ ഡിയോൾ
dot image

വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ നടന്ന നാടകീയ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് യു പി മുന്നോട്ടുവെച്ച 158 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ ഡൽഹി മറികടക്കുകയായിരുന്നു.

38 പന്തില്‍ 54 റണ്‍സെടുത്ത ക്യാപ്റ്റൻ മെഗ് ലാനിംഗായിരുന്നു യുപിയുടെ ടോപ് സ്കോറര്‍. മൂന്നാം വിക്കറ്റില്‍ ഹർലീന്‍ ഡിയോളിനൊപ്പം മെഗ് ലാനിംഗ് 56 പന്തിൽ 85 റണ്‍സെടുത്താണ് യുപി വാരിയേഴ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

എന്നാല്‍ യുപി വാരിയേഴ്സ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിന്‍റെ തുടക്കത്തില്‍ 36 പന്തില്‍ 47 റൺസുമായി ക്രീസില്‍ നിന്ന ഹര്‍ലീന്‍ ഡിയോളിനോട് പരിശീലകന്‍ അഭിഷേക് നായര്‍ റിട്ടയേര്‍ഡ് ഔട്ടായി കയറിവരാൻ ആവശ്യപ്പെട്ടത് ആരാധകരെയും ഹര്‍ലീനെയും ഒരുപോലെ അമ്പരപ്പിച്ചു.

17 ഓവറില്‍ 141 റണ്‍സെടത്തിരുന്ന യുപി വാരിയേഴ്സിനായി 36 പന്തില്‍ 47 റണ്‍സെടുത്തിരുന്ന ഹര്‍ലീനൊപ്പം ആറ് പന്തില്‍ ഏഴ് റണ്‍സുമായി ശ്വേതാ ഷെറാവത്തായിരുന്നു ആ സമയം ക്രീസില്‍. അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു അപ്പോള്‍ ഹര്‍ലീന്‍.

കോച്ച് തിരിച്ചുവിളിച്ചത് ആദ്യം വിശ്വസിക്കാനാവാതിരുന്ന ഹര്‍ലീന്‍ എന്നോടാണോ എന്ന് ഡഗ് ഔട്ടിലേക്ക് വിരല്‍ചൂണ്ടി ചോദിക്കുന്നതും കാണാമായിരുന്നു. നിരാശ പരസ്യമാക്കിയാണ് ഹര്‍ലീൻ ഒടുവില്‍ തിരിച്ചു കയറിപ്പോയത്. എന്നാല്‍ ഹര്‍ലീനെ തിരിച്ചുവിളിച്ച് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി അഭിഷേക് ക്രീസിലേക്ക് അയച്ച കോളെ ട്രയോണിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് പന്ത് നേരിട്ട ട്രയോണ്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ഹര്‍ലീന്‍ റിട്ടയേര്‍ഡ് ഔട്ടായശേഷം 18 പന്തില്‍ 13 റണ്‍സ് മാത്രമാണ് യുപി വാരിയേഴ്സിന് നേടാനായത്. മറുപടി ബാറ്റിംഗില്‍ ലിസെലെ ലീയുടെയും(44 പന്തില്‍ 67), ഷഫാലി വര്‍മയുടെയും(32 പന്തില്‍ 36) ലോറാ വോള്‍വാര്‍ഡിന്‍റെയും(25), ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്‍റെയും(14 പന്തില്‍ 21) ബാറ്റിംഗ് മികവില്‍ ഡല്‍ഹി അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. യുപിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്.

Content Highlights:Harleen Deol Shocked After Being Asked To Retire Out On 47 by abhishek nair

dot image
To advertise here,contact us
dot image