

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ബാറ്ററും 2025 ലെ വനിതാ ലോകകപ്പ് ജേതാവുമായ ജെമീമ റോഡ്രിഗസിന് നല്കിയ വാക്കുപാലിച്ച് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വനിതാ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയാല്‍ ജെമീമയ്ക്കൊപ്പം ഡ്യുയറ്റ് ഗാനം അവതരിപ്പിക്കുമെന്ന് ഗവാസ്കര്‍ വാഗ്ദാനം നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ലോകകപ്പ് സെമിയില്‍ ജെമീമ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ഗവാസ്കറിന്റെ പ്രതികരണം.
ഇപ്പോഴിതാ ആ ജെമീമയ്ക്ക് നൽകിയ വാക്ക് മനോഹരമായി പാലിച്ചിരിക്കുകയാണ് ഗവാസ്കർ. ക്രിക്കറ്റ് ബാറ്റിന്റെ ആകൃതിയിലുള്ള ഗിറ്റാറാണ് ജെമീമയ്ക്ക് ഗവാസ്കർ സമ്മാനമായി നൽകിയത്. പുതിയ ബാറ്റുകൊണ്ട് ഇരുവരും ചേര്‍ന്ന് ഗാനമാലപിക്കുകയും ചെയ്തു. ജെമീമ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
കിഷോർ കുമാറും മന്ന ഡേയും ചേർന്ന് ആലപിച്ച 'ഷോലെ' എന്ന സിനിമയിലെ 'യേ ദോസ്തി' എന്ന ഗാനമാണ് ഇരുവരും ചേര്‍ന്നുപാടിയത്. 'സുനിൽ സാർ തന്റെ വാഗ്ദാനം പാലിച്ചു, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഗിറ്റാറുമായി ഞങ്ങൾ ഒത്തുചേർന്നു. ഇത് വളരെ സ്പെഷ്യലാണ്', ജെമീമ ക്യാപ്ഷനായി കുറിച്ചു.
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ, ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ പുറത്താകാതെ 127 റൺസ് നേടിയ താരം മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവച്ചത്. ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജെമീമയുടെ സെമിഫൈനൽ പ്രകടത്തിനു ശേഷമാണ് ഗവാസ്കർ ഒരുമിച്ച് പാടണമെന്ന് പറഞ്ഞത്. 'ഇന്ത്യ ലോകകപ്പ് ജയിച്ചാൽ, ഞാനും ജെമീമയും, അവൾക്ക് സമ്മതമാണെങ്കിൽ ഒരുമിച്ച് ഒരു പാട്ട് പാടും. അവളുടെ ഗിറ്റാറിനൊപ്പം ഞാൻ കൂടെ പാടുമെന്ന് ഗവാസ്കര്‍ സ്പോർട്സ് ടുഡേയിൽ പറഞ്ഞിരുന്നു.
പിന്നാലെ ജെമീമയും ലോകകപ്പ് വിജയത്തിന് ശേഷം ഗവാസ്കറുടെ വാഗ്ദാനത്തെ ഓർമിപ്പിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. ഗിറ്റാറുമായാണ് ജെമീമ വീഡിയോയില്‍ എത്തിയത്. 'താങ്കള്‍ തന്ന വാക്ക് ഓര്മയുണ്ടാവുമെന്ന് കരുതുന്നു. ഞാന്‍ തയ്യാറാണ്. താങ്കള്‍ക്കൊപ്പം പാട്ടുപാടാന്‍ കാത്തിരിക്കുകയാണ്', എന്ന ക്യാപ്ഷനോടെയാണ് സുനില്‍ ഗവാസ്കറെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
2024 ലെ ബിസിസിഐയുടെ പുരസ്കാരദാന ചടങ്ങില്‍ ഗാവസ്കറും ജെമീമയും ചേർന്ന് സ്റ്റേജിൽ 'ഹം കിസിസെ കം നഹീന്' എന്ന ജനപ്രിയ ചിത്രത്തിലെ 'ക്യാ ഹുവാ തേരാ വാഡ' ഗാനം അവതരിപ്പിച്ചിരുന്നു.
Content Highlights: Sunil Gavaskar Fulfils Promise To Jemimah Rodrigues, gifts A bat-shaped guitar