1992 ഡിസംബർ 6ന് 17 ഭാഷകൾ അറിയുന്ന കോൺഗ്രസുകാരനായ പ്രധാനമന്ത്രി ഒരു ഭാഷയിലും അരുതെന്ന് പറഞ്ഞില്ല: വി ശിവൻകുട്ടി

എ എ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് ശിവന്‍കുട്ടി പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്

1992 ഡിസംബർ 6ന് 17 ഭാഷകൾ അറിയുന്ന കോൺഗ്രസുകാരനായ പ്രധാനമന്ത്രി ഒരു ഭാഷയിലും അരുതെന്ന് പറഞ്ഞില്ല: വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. റഹീമിന്റെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് ശിവന്‍കുട്ടി പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബാബരി മസ്ജിദ് ആക്രമണം നടക്കുന്ന സമയത്ത് 17 ഭാഷകള്‍ അറിയുന്ന അന്നത്തെ പ്രധാനമന്ത്രി നരസിഹറാവു ഒരു ഭാഷയിലും അരുതെന്ന് പറഞ്ഞില്ല എന്ന് ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'1992 ഡിസംബര്‍ 6ന് 17 ഭാഷകള്‍ അറിയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ഭാഷയിലും അരുത് എന്ന് പറഞ്ഞില്ല. കാരണം അദ്ദേഹം കോണ്‍ഗ്രസുകാരന്‍ ആയിരുന്നു' എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പോസ്റ്റ്. നരസിംഹറാവുവിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ വിമര്‍ശനം. അതേസമയം എ എ റഹീമിന് എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ റഹീം സന്ദര്‍ശിച്ചിരുന്നു. പിന്നാലെ കന്നഡ മാധ്യമത്തിന് ഇംഗ്ലീഷില്‍ റഹീം പ്രതികരണം നല്‍കിയിരുന്നു. ഈ പ്രതികരണത്തിലെ ഇംഗ്ലീഷിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് റഹീമിനെതിരെ ട്രോളുകളുണ്ടായത്. സംഭവത്തില്‍ പ്രതികരണവുമായി റഹീം തന്നെ രംഗത്തെത്തിയിരുന്നു.

തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ റഹീം പ്രതികരിച്ചത്. ആ യാത്രയെക്കുറിച്ച് എപ്പോഴും അഭിമാനമേയുള്ളുവെന്നും റഹീം പറഞ്ഞു. 'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു', റഹീം പറഞ്ഞു.

തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ലെന്നും തന്റെ ഭാഷ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു. 'പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും', റഹീം പറഞ്ഞു.

Content Highlights: V Sivankutty against Congress on Cyber attack against A A Rahim

dot image
To advertise here,contact us
dot image