

2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയം വഴങ്ങിയതിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളിൽ തോൽവിയറിയാതെ എത്തിയ നീലപ്പട കലാശപ്പോരില്‍ ഓസീസിന് മുന്നില്‍ അപ്രതീക്ഷിതമായി അടിയറവ് പറയുകയായിരുന്നു. അഹമ്മദാബാദിലെ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന കാണികള്‍ക്ക് മുന്‍പിലായി ഏറ്റുവാങ്ങിയ പരാജയം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു നോവുള്ള ഏടാണ്.
ആ നിരാശയിൽ നിന്ന് തനിക്ക് ഇന്നും കരകയറാൻ സാധിച്ചിട്ടില്ലെന്നാണ് രോഹിത് ശർമ പറയുന്നത്. ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കണമെന്നുപോലും അന്ന് തോന്നിയതായി രോഹിത് ശര്‍മ വെളിപ്പെടുത്തി. മാസ്റ്റേഴ്‌സ് യൂണിയന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് രോഹിത് ഇക്കാര്യത്തെകുറിച്ച് മനസുതുറന്നത്.

'2023ലെ ലോകകപ്പ് ഫൈനലിന് ശേഷം എനിക്ക് മുന്നില്‍ ഒന്നും ബാക്കിയില്ലെന്നാണ് തോന്നിയത്. പൂര്‍ണമായും നിരാശനായിരുന്നു. എന്നെ കൊണ്ട് എളുപ്പത്തില്‍ ഉപേക്ഷിക്കാനാവുന്ന ഒന്നല്ല ക്രിക്കറ്റെന്ന് അറിയാന്‍ സമയമെടുത്തൂ. ഓസീസിനെതിരെ ഫൈനലില്‍ തോറ്റെന്ന് വിശ്വസിക്കാന്‍ പോലുമായില്ല. 2022ല്‍ ഇന്ത്യൻ ക്യാപ്റ്റന്‍സി ഏറ്റെടുത്തശേഷമുള്ള ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ലോകകപ്പ് നേടുകയെന്നത്. ടി20 ലോകകപ്പായാലും 2023ലെ ലോകകപ്പായാലും വിജയിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് സംഭവിക്കാതെ പോയപ്പോള്‍ തകര്‍ന്നു പോയി. എന്നെ തന്നെ വീണ്ടെടുക്കാന്‍ രണ്ട് മാസമെടുക്കുകയും ചെയ്തു', രോഹിത് ശര്‍മ പറഞ്ഞു.
#WATCH | Gurugram, Haryana | On 2023 World Cup, Former Indian Captain Rohit Sharma says, "everyone was very disappointed and we could not believe what happened. Personally, it was a very tough time because I had put everything into the World Cup since I took over as the… pic.twitter.com/PklR55mavS
— ANI (@ANI) December 21, 2025
2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ വീണെങ്കിലും തൊട്ടടുത്ത വര്‍ഷം ടി20 ലോകകപ്പ് കിരീടം നേടാന്‍ രോഹിത്തിനും സംഘത്തിനും സാധിച്ചിരുന്നു. 'ഒരു കാര്യത്തിനായി അത്രയും ആഗ്രഹിച്ച ശേഷം അത് കിട്ടാതെ വരുമ്പോള്‍ നിരാശയുണ്ടാകും. പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല. പുതുതായി തുടങ്ങാനാകും. അതെനിക്ക് വലിയ പാഠമായിരുന്നു. ടി20 ലോകകപ്പിന് വേണ്ടി മുഴുവന്‍ ശ്രദ്ധയും നല്‍കി. ഇപ്പോള്‍ അത് പറയുന്നത് എളുപ്പമാണ്. എന്നാല്‍ ആ സമയത്ത് അത് വളരെ ബുദ്ധിമുട്ടായിരുന്നു', രോഹിത് കൂട്ടിച്ചേർത്തു.
Content Highlights: Rohit Sharma says He wanted to retire after losing to Australia in 2023 ODI World Cup final