

അണ്ടർ 19 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആയുഷ് മാത്രെ തന്നെയാണ് ഇന്ത്യൻ കൗമാരപ്പടയെ നയിക്കുന്നത്. വിഹാൻ മൽഹോത്ര വൈസ് ക്യാപ്റ്റനാവുന്ന ടീമിൽ രാജസ്ഥാൻ റോയൽസിൻ്റെ കൗമാര താരം വൈഭവ് സൂര്യവംശിയും ഇടംപിടിച്ചു.
രണ്ട് മലയാളി താരങ്ങളാണ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ അണ്ടർ ഏഷ്യാ കപ്പിൽ തകർത്തുകളിച്ച മലയാളി താരം ആരോൺ ജോർജ് ടീമിൽ ഇടം നിലനിർത്തി. മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാനും സ്ക്വാഡിൽ ഇടംപിടിച്ചു.
ലെഗ് ബ്രേക്ക് ബൗളറായ നമൻ പുഷ്പകിനെ മാറ്റിയാണ് ബൗളിങ് ഓൾറൗണ്ടറായ മുഹമ്മദ് ഇനാനെ ടീമിൽ തിരികെ എത്തിച്ചത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി താരം കളിച്ചിരുന്നു. അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ. മുൻപ് ഇന്ത്യ അണ്ടർ 19 ടീമിലുണ്ടായിരുന്ന താരത്തെ 2024 ഏഷ്യാ കപ്പിന് ശേഷം ടീമിൽ പരിഗണിച്ചിരുന്നില്ല. എന്നാൽ, ബിസിസിഐ ഇപ്പോൾ പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ മുഹമ്മദ് ഇനാനും ഇടം പിടിച്ചു. ഇനാൻ ഇല്ലാതെയിറങ്ങിയ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയയാണ് 2024ൽ അണ്ടർ 19 ടി20യുടെ ലോകജേതാക്കളായത്.
ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെയാണ് അണ്ടർ 19 ലോകകപ്പ് നടക്കുക. സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന ലോകകപ്പിൽ പിന്നീട് സൂപ്പർ സിക്സ് ഘട്ടവുമുണ്ടാവും. അഞ്ച് തവണ ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ന്യൂസിലാൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 15ന് നടക്കുന്ന ഇന്ത്യയുടെ ആദ്യമത്സരത്തിൽ യുഎസ്എയാണ് എതിരാളികൾ. 17ന് ബംഗ്ലാദേശിനെയും 24ന് ന്യൂസിലാൻഡിനെയും ഇന്ത്യ നേരിടും.
അണ്ടർ 19 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ എ പട്ടേൽ, ഡി കുമാർ പട്ടേൽ, ഡി കുമാർ പട്ടേൽ, ഡി. ഉദ്ധവ് മോഹൻ, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി. ദീപേഷ്, കിഷന്‍കുമാര്‍ സിങ്, ഉദ്ധവ് മോഹന്‍.
Content Highlights: Ayush Mhatre to lead India at U19 World Cup, two malayali players in squad