'യുവതാരങ്ങൾക്ക് മികവിലേക്കുയരാൻ സമയം നൽകണം, ടെസ്റ്റ് ക്രിക്കറ്റ് അവർ പഠിക്കാനുണ്ട്': ​ഗൗതം ​ഗംഭീർ

ഇന്ത്യൻ ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം ആർക്കെന്ന ചോദ്യത്തിനും ​ഗംഭീർ ഉത്തരം നൽകി

'യുവതാരങ്ങൾക്ക് മികവിലേക്കുയരാൻ സമയം നൽകണം, ടെസ്റ്റ് ക്രിക്കറ്റ് അവർ പഠിക്കാനുണ്ട്': ​ഗൗതം ​ഗംഭീർ
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി നേരിട്ടതിൽ പ്രതികരണവുമായി ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീർ. നിലവിലെ ടെസ്റ്റ് ടീമിൽ അനുഭവസമ്പത്തുള്ള താരങ്ങൾ കുറവാണ്. അവർക്ക് മികവിലേക്ക് വരാൻ സമയം നൽകണമെന്നുമാണ് ​ഗംഭീറിന്റെ വാക്കുകൾ.

'ഇന്ത്യൻ‌ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് ഞാൻ തുടണമോയെന്നതിൽ തീരുമാനമെടുക്കേണ്ടത് ബിസിസിഐ ആണ്. ഇക്കാര്യം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല. ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീം മികച്ച വിജയങ്ങൾ നേടി. ചാംപ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയത് ഞാൻ പരിശീലകനായ ടീമാണ്. നിലവിലെ ടെസ്റ്റ് ടീമിൽ അനുഭവസമ്പത്തുള്ള താരങ്ങൾ കുറവാണ്. അവർക്ക് മികവിലേക്ക് വരാൻ സമയം നൽകണം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഒരുപാട് പഠിക്കാനുണ്ട്,' ​ഗംഭീർ വ്യക്തമാക്കി.

ഇന്ത്യൻ ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം ആർക്കെന്ന ചോദ്യത്തിനും ​ഗംഭീർ ഉത്തരം നൽകി. തനിക്കൊപ്പമുള്ള എല്ലാവർക്കും പരാജയത്തിന്റെ ഉത്തരവാദിത്തമുണ്ടെന്ന് ​ഗംഭീർ പ്രതികരിച്ചു. 'എല്ലാവരും ഈ മത്സരം കണ്ടിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലായിരുന്നു. പിന്നീടത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലായി. സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളിൽ ഒരു പേസ് ബൗളർ നാല് വിക്കറ്റുകൾ വീഴ്ത്തുന്നു. അത് തടയാൻ ഇന്ത്യൻ ബാറ്റിങ് നിരയിൽ ആരുമുണ്ടായില്ല. അഞ്ച്, ആറ് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടിടത്ത് ഇന്ത്യയ്ക്ക് മത്സരം തന്നെ നഷ്ടമായി,' ​ഗംഭീർ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് ഇന്ത്യൻ ടീം ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ 30 റൺസിന് പരാജയപ്പെട്ടു. എന്നാൽ രണ്ടാം മത്സരത്തിൽ 408 റൺസിന്റെ പരാജയമാണ് നേരിട്ടത്. ​ഗൗതം ​ഗംഭീർ പരിശീലകനായ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളിൽ ഏഴ് വിജയവും രണ്ട് സമനിലയും നേടാനായപ്പോൾ ഒമ്പത് മത്സരങ്ങൾ പരാജയപ്പെട്ടു. തുടർന്ന് ​ഗംഭീറിന്റെ പരിശീലന സ്ഥാനത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

Content Highlights: Gautam Gambhir says his team is an inexperienced side

dot image
To advertise here,contact us
dot image