'പൂർണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു'; സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാത്തതിനെ കുറിച്ച് ജിതേഷ് ശര്‍മ

സൂപ്പർ ഓവറിൽ വൈഭവിനെ ഓപ്പണിങ്ങിന് ഇറക്കാതെ സ്വയം ഇറങ്ങിയ ക്യാപ്റ്റൻ ജിതേഷ് ശർമയുടെ തീരുമാനവും വലിയ വിമർശനങ്ങൾ നേരിടുകയാണ്

'പൂർണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു'; സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാത്തതിനെ കുറിച്ച് ജിതേഷ് ശര്‍മ
dot image

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് സെമിഫൈനലിൽ ബം​ഗ്ലാ​ദേശിനെതിരായ സൂപ്പർ ഓവറിൽ ഇന്ത്യയുടെ യുവഓപ്പണർ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിനിറക്കാത്തതിനെ കുറിച്ച് ഇന്ത്യൻ എ ടീം ക്യാപ്റ്റൻ ജിതേശ് ശർമ. സൂപ്പർ ഓവറിൽ ഒരു റൺസ് പോലും എടുക്കാനാവാതെ ഇന്ത്യ പരാജയം വഴങ്ങുകയും ടൂർണമെന്റിൽ നിന്ന് ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തതിന് പിന്നാലെ വലിയ ആരാധകരോഷമാണ് ഉയരുന്നത്. സൂപ്പർ ഓവറിൽ വൈഭവിനെ ഓപ്പണിങ്ങിന് ഇറക്കാതെ സ്വയം ഇറങ്ങിയ ക്യാപ്റ്റൻ ജിതേഷ് ശർമയുടെ തീരുമാനവും വലിയ വിമർശനങ്ങൾ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് വൈഭവിനെ ഇറക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് ജിതേഷ് രം​ഗത്തെത്തിയത്.

'ടീമില്‍ വൈഭവും പ്രിയാന്‍ഷും പവര്‍പ്ലേയില്‍ തകർത്തടിച്ച് കളിക്കുന്നവരാണ്. അതുപോലെ തന്നെ ഡെത്ത് ഓവറുകളില്‍ അഷുതോഷിനും രമണ്‍ദീപിനും നന്നായി കളിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ സൂപ്പര്‍ ഓവര്‍ ലൈനപ്പ് ഒരു ടീമായി എടുത്ത തീരുമാനമായിരുന്നു. അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്. പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഒരു സീനിയർ എന്ന നിലയിൽ ഞാൻ കളി പൂർത്തിയാക്കേണ്ടതായിരുന്നു', മത്സരശേഷം നടന്ന അവതരണ ചടങ്ങില്‍ ജിതേഷ് പറഞ്ഞു.

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് സെമിഫൈനലിൽ സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ കടന്നിരിക്കുകയാണ്. ഇരു ടീമുകളും 20 ഓവറിൽ 194 റൺസ് എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ ജിതേഷ് ശർമയും അശുതോഷ് ശർമയും പുറത്തായതോടെ ഇന്ത്യക്ക് ഒറ്റ റൺസ് പോലും കണ്ടെത്താനായില്ല. മറുപടി ഇന്നിങ്സിൽ സുയാഷ് ശർമ എറിഞ്ഞ രണ്ടാം പന്ത് വൈഡായതോടെയാണ് ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിനാണ് ആരാധകര്‍ കാത്തിരുന്നതെങ്കിലും താരം പുറത്തിരിക്കുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമയുടെ ഈ തീരുമാനത്തെയാണ് ആരാധകർ വിമർ‌ശിക്കുന്നത്. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലുള്ള താരത്തെ ബാറ്റിങ്ങിനിറക്കിയിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് പലരും സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.

നേരത്തെ ഓപ്പണർമാരായ കൗമാരതാരം വൈഭവ് സൂര്യവംശിയും പ്രിയാൻഷ് ആര്യയും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. ആദ്യ ഓവറിൽ തന്നെ വൈഭവ് 19 റൺസ് അടിച്ചെടുത്തു. രണ്ടാം ഓവറിലും വൈഭവ് തകർത്തടിച്ചതോടെ ടീം സ്കോർ 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ മൂന്നോവറിൽ 49 റൺസിലെത്തുകയും ചെയ്തു. എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. പ്രിയാൻഷ് 23 പന്തിൽ 44 റൺസെടുത്തു.

Content Highlights: Jitesh Sharma Reveals Why Vaibhav Suryavanshi Didn't Bat In Super Over Against Bangladesh A

dot image
To advertise here,contact us
dot image