'ധോണി ബാറ്റിങ്ങിനിറങ്ങുമ്പോൾ, സ്റ്റേഡിയം കുലുങ്ങുന്നതായും ഗ്രൗണ്ട് വിറയ്ക്കുന്നതായും അനുഭവപ്പെട്ടു': ജോ റൂട്ട്

'ധോണി ബാറ്റ് ചെയ്യാനെത്തുന്നത് അവിശ്വസനീയമായ ഒരു അനുഭവം തന്നെയായിരുന്നു'

'ധോണി ബാറ്റിങ്ങിനിറങ്ങുമ്പോൾ, സ്റ്റേഡിയം കുലുങ്ങുന്നതായും ഗ്രൗണ്ട് വിറയ്ക്കുന്നതായും അനുഭവപ്പെട്ടു': ജോ റൂട്ട്
dot image

ഐപിഎല്ലിൽ ഇന്ത്യൻ മുൻ താരം എംഎസ് ധോണി ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിലേക്ക് നടന്നുപോകുന്നത് ഒരു വിസ്മയിപ്പിക്കുന്ന അനുഭവമായിരുന്നുവെന്ന് ഇം​ഗ്ലണ്ട് താരം ജോ റൂട്ട്. സ്റ്റേഡിയം കുലുങ്ങുന്നതായും ​ഗ്രൗണ്ട് വിറയ്ക്കുന്നതായും തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റൂട്ടിന്റെ വാക്കുകൾ. ധോണിയുടെ സാന്നിധ്യവും കാണികളുടെ പ്രതികരണവും എതിർ ടീമിലും കളിക്കാരിലും വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്നും റൂട്ട് പറഞ്ഞു.

'ഐപിഎൽ കളിക്കുന്ന സമയത്ത് എംഎസ് ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ, സ്റ്റേഡിയം കുലുങ്ങുന്നതുപോലെയും ​ഗ്രൗണ്ട് വിറയ്ക്കുന്നതുപോലെയും അനുഭവപ്പെടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിയിലെത്തുന്ന ആരാധകർ ധോണിയുടെ പേര് ആർത്തുവിളിക്കുന്നു. ധോണിയുടെ വലിയ ആരാധകസമൂഹം എതിർ ടീമിലെ കളിക്കാർക്കുമേൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ധോണി ബാറ്റ് ചെയ്യാനെത്തുന്നത് അവിശ്വസനീയമായ ഒരു അനുഭവം തന്നെയായിരുന്നു.' ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ദ ഹോവി ഗെയിംസ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജോ റൂട്ട്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെറിയ കരിയർ മാത്രമാണ് റൂട്ടിനുള്ളത്. രാജസ്ഥാൻ റോയൽസിനായി മൂന്ന് മത്സരങ്ങൾ കളിച്ച റൂട്ട് 10 റൺസ് മാത്രമാണ് നേടിയത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡ് തകർക്കാൻ കഴിയുന്ന താരമായി റൂട്ട് മാറിക്കഴിഞ്ഞു. 158 ടെസ്റ്റുകളിലെ 288 ഇന്നിങ്സുകളിൽ നിന്ന് 13,543 റൺസാണ് റൂട്ട് നേടിയിരിക്കുന്നത്. 2,379 റൺസ് കൂടി നേടിയാൽ റൂട്ടിന് സച്ചിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാകാം. 39 സെഞ്ച്വറികളും റൂട്ടിന്റെ പേരിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുള്ളത് സച്ചിൻ തെണ്ടുൽക്കർ തന്നെയാണ്. 49 സെഞ്ച്വറികൾ സച്ചിൻ ടെസ്റ്റ് കരിയറിൽ അടിച്ചെടുത്തിട്ടുണ്ട്.

Content Highlights: Joe Root opens up on experience of watching MS Dhoni walk out to bat in IPL

dot image
To advertise here,contact us
dot image