'ഏഷ്യയിലെ മികച്ച ടീം ഏതെന്നത് എന്റെ വിഷയമല്ല, സിംബാബ്‍വെ ആഫ്രിക്കയിലെ രണ്ടാമത്തെ മികച്ച ടീം': സിക്കന്ദർ റാസ

'ആഫ്രിക്കയിലെ മികച്ച ടീം തീർച്ചയായും ദക്ഷിണാഫ്രിക്കയാണ്.'

'ഏഷ്യയിലെ മികച്ച ടീം ഏതെന്നത് എന്റെ വിഷയമല്ല, സിംബാബ്‍വെ ആഫ്രിക്കയിലെ രണ്ടാമത്തെ മികച്ച ടീം': സിക്കന്ദർ റാസ
dot image

ശ്രീലങ്ക, പാകിസ്താൻ, സിംബാബ്‍വെ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ വ്യത്യസ്തമായ ചോദ്യം നേരിട്ട് സിംബാബ്‍വെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിക്കന്ദർ റാസ. ഏഷ്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ട്വന്റി 20 ടീം ഏതെന്നായിരുന്നു പാകിസ്താൻ മാധ്യമപ്രവർത്തകന്റെ ചോദ്യം. അത് തന്റെ വിഷയമല്ലെന്നും ആഫ്രിക്കയിൽ സിംബാബ്‍വെയാണ് രണ്ടാമത്തെ മികച്ച ട്വന്റി 20 ടീമെന്നും സിക്കന്ദർ റാസ മറുപടി നൽകി.

'ഞാൻ നിങ്ങളോട് സംസാരിക്കുന്നത് സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ താരമായിട്ടാണ്. ആഫ്രിക്കയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ട്വന്റി 20 ടീം സിംബാബ്‍വെയാണ്. ഏഷ്യയിലെ ഏറ്റവും മികച്ച ഒന്നാമത്തെ ടീമോ രണ്ടാമത്തെ ടീമോ ആരാണെന്നത് എന്റെ വിഷയമല്ല. ഇത്തരം ചോദ്യങ്ങൾ ദേശീയ ടീമിൽ കളിക്കാത്ത സമയത്ത് ഞാൻ മറുപടി പറയാം. ഇപ്പോൾ നടക്കുന്ന വാർത്താസമ്മേളനത്തിൽ ഞാൻ മറുപടി പറയേണ്ടത് സിംബാബ‍്‍വെ ക്രിക്കറ്റിനെക്കുറിച്ചാണ്,' സിക്കന്ദർ റാസ പ്രതികരിച്ചു.

'ട്വന്റി 20 ക്രിക്കറ്റിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ അഞ്ചാമത്തെയോ മികച്ച ടീം ഏതെന്നത് സിംബാബ്‍വെ ക്രിക്കറ്റിന് പ്രശ്നമല്ല. ആഫ്രിക്കയിലെ രണ്ടാമത്തെ മികച്ച ടീമിൽ നിന്നും ഉയരാനാണ് സിംബാബ്‍വെ ക്രിക്കറ്റ് ശ്രമിക്കുന്നത്. ആഫ്രിക്കയിലെ മികച്ച ടീം ദക്ഷിണാഫ്രിക്കയാണ്. അവർക്കെതിരെ മികച്ച പ്രകടനം നടത്തുക സിംബാബ്‍വെ ടീമിന്റെ ലക്ഷ്യമാണ്,' സിക്കന്ദർ റാസ വ്യക്തമാക്കി.

ത്രിരാഷ്ട്ര പരമ്പരയിൽ ഒരു അട്ടിമറി നടക്കുകയും സിംബാബ്‍വെ ഫൈനലിൽ എത്താൻ സാധ്യതയുണ്ടോയെന്നുമായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ മറ്റൊരു ചോദ്യം. ഇതിന് സിംബാബ്‍വെ വിജയിച്ചാൽ അതൊരു അട്ടിമറിയായിരിക്കുമെന്നാണ് റാസ പറഞ്ഞു തുടങ്ങിയത്.

'അതിന് കാരണം മത്സരത്തിന്റെ സാഹചര്യങ്ങൾ എനിക്കറിയാം. പക്ഷേ നിങ്ങൾ തന്നെ പ്രതീക്ഷിക്കുന്നു സിംബാബ്‍വെ ഫൈനൽ കളിക്കുമെന്ന്. അതുകൊണ്ട് സിംബാബ്‍വെ പാകിസ്താനെ തോൽപ്പിക്കുന്നത് നിങ്ങൾക്കൊരു അട്ടിമറിയായിരിക്കും. പക്ഷേ എനിക്ക് അങ്ങനെയല്ല,' റാസ കൂട്ടിച്ചേർത്തു.

ശ്രീലങ്ക, പാകിസ്താൻ, സിംബാബ്‍വെ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നലെയാണ് തുടക്കമായത്. ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ സിംബാബ്‍വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും പാകിസ്താനെതിരെ മികച്ച ക്രിക്കറ്റ് കളിച്ചതിന് ശേഷമാണ് സിംബാബ്‍വെ ടീം കീഴടങ്ങിയത്.

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ ബ്രയാൻ ബെന്നറ്റ്, തടിവനാഷെ മരുമാനി എന്നിവർ സിംബാബ്‍വെയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 36 പന്തിൽ എട്ട് ഫോറുകളടക്കം ബെന്നറ്റ് 49 റൺസ് നേടി. 22 പന്തിൽ 30 റൺസാണ് മരുമാനിയുടെ സംഭാവന. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് വന്നവരിൽ ക്യാപ്റ്റൻ സിക്കന്ദർ റാസയ്ക്ക് മാത്രമാണ് സിംബാബ്‍വെ നിരയിൽ തിളങ്ങാൻ സാധിച്ചത്. 24 പന്തിൽ പുറത്താകാതെ സിംബാബ്‍വെ 34 റൺസ് നേടി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് സിംബാബ്‍വെയ്ക്ക് നേടാൻ സാധിച്ചത്.

മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിൽ തകർന്നിരുന്നു. ഫഖർ സമാന്റെയും 32 പന്തിൽ 44, ഉസ്മാൻ ഖാന്റെയും 28 പന്തിൽ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തിൽ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.

ഫഖർ സമാൻ പുറത്താകുമ്പോൾ പാകിസ്താൻ സ്കോർ അഞ്ചിന് 115 എന്ന നിലയിലായിരുന്നു. പിന്നീട് 19-ാം ഓവറിൽ ബ്രാഡ് എവാൻസിന്റെ പന്തിൽ മുഹമ്മദ് നവാസിന്റെ ക്യാച്ച് ബ്രയാൻ ബെന്നറ്റ് വിട്ടുകളഞ്ഞത് സിംബാബ്‍വെയ്ക്ക് തിരിച്ചടിയായി. തൊട്ടടുത്ത പന്ത് നോബോൾ ആയതും പാക് നിരയുടെ സമ്മർദ്ദം കുറച്ചു. ഒടുവിൽ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്താൻ പാകിസ്താന് കഴിഞ്ഞു. ത്രിരാഷ്ട്ര പരമ്പരയിൽ നാളെ നടക്കുന്ന മത്സരത്തിൽ സിംബാബ്‍വെ ശ്രീലങ്കയെ നേരിടും.

Content Highlights: Sikandar Raza's replay on asking best Asian team T20 Cricket

dot image
To advertise here,contact us
dot image