

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും മലപ്പുറം എഫ്സിയും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കനത്ത മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ തടസപ്പെട്ട മത്സരത്തിൽ കണ്ണൂരിനായി മുഹമ്മദ് സിനാൻ, നിദാൽ സയ്യിദ് എന്നിവരും മലപ്പുറത്തിനായി അബ്ദുൽ ഹക്കു, എയ്തോർ ആൽഡലിർ എന്നിവരും ഗോൾ നേടി. ഏഴ് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കണ്ണൂരിനും മലപ്പുറത്തിനും 10 പോയന്റ് വീതമാണുള്ളത്. ഗോൾശരാശരിയുടെ മികവിൽ മലപ്പുറം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. കണ്ണൂർ അഞ്ചാമതാണ്.
ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഏഴാം മിനിറ്റിൽ മലപ്പുറത്തിനായി എൽഫോർസി എടുത്ത കോർണർ കിക്കിന് അബ്ദുൽ ഹക്കു തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിനാലാം മിനിറ്റിൽ എൽഫോർസിയെ ഫൗൾ ചെയ്ത കണ്ണൂർ ക്യാപ്റ്റൻ ലവ്സാംബക്ക് റഫറി മഞ്ഞക്കാർഡ് നൽകി. തൊട്ടുപിന്നാലെ ലഭിച്ച സുവർണാവസരം മലപ്പുറത്തിന്റെ അണ്ടർ 23 താരം റിഷാദ് ഗഫൂർ പുറത്തേക്കടിച്ചു നഷ്ടമാക്കി.
മുപ്പത്തിരണ്ടാം മിനിറ്റിൽ കണ്ണൂരിന്റെ ഗോൾ. എസിയർ ഗോമസ് നൽകിയ പാസ് വലതു വിങിൽ നിന്ന് കരീം സാമ്പ് സെക്കന്റ് പോസ്റ്റിലേക്ക് ഉയർത്തിയിട്ടു. കുതിച്ചെത്തിയ യുവതാരം മുഹമ്മദ് സിനാൻ ഡൈവിങ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (1-0). ജോൺ കെന്നഡിയെ വലിച്ചുവീഴ്ത്തിയ കണ്ണൂരിന്റെ വികാസിനും മഞ്ഞക്കാർഡ് ലഭിച്ചു. നാൽപ്പത്തിരണ്ടാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. എൽഫോർസിയുടെ കോർണർ വലയിലെത്തിച്ചത് അബ്ദുൽ ഹക്കു (1-1). സീസണിൽ ഹക്കു നേടുന്ന രണ്ടാം ഗോൾ.
കനത്ത മഴയിലും കാറ്റിലുമാണ് രണ്ടാം പകുതി തുടങ്ങിയത്. മൂന്ന് മിനിറ്റിനകം മലപ്പുറം ഗോൾ നേടി. എൽഫോർസി ഉയർത്തിനൽകിയ പന്ത് ക്യാപ്റ്റൻ എയ്തോർ ആൽഡലിറാണ് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റിയത് (1-2). തൊട്ടുപിന്നാലെ ശക്തമായ മഴയെ തുടർന്ന് ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതോടെ റഫറി വെങ്കിടേശ് മത്സരം താൽക്കാലികമായി നിർത്തിവെച്ചു.
ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ പന്ത് നീക്കാൻ ഇരു ടീമുകളും പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട്. കളി പുനരാരംഭിച്ച ശേഷം കരീം സാമ്പിന് മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മലപ്പുറം ഗോൾ കീപ്പർ അസ്ഹറിനെ മറികടക്കാൻ കഴിഞ്ഞില്ല. അറുപത്തിയേഴാം മിനിറ്റിൽ കണ്ണൂർ ഒപ്പമെത്തി. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ലവ്സാംബ ബാക്ക് ഹീൽ പാസ് നൽകിയത് പകരക്കാരനായി എത്തിയ നിദാൽ സയ്യിദ് ഗോളാക്കി മാറ്റി (2-2). 17899 കാണികൾ മത്സരം കാണാനെത്തി.
Content Highlights: Kannur Warriors FC and Malappuram FC drew 2-0 in Kerala Super League