

മധ്യപ്രദേശിനെതിരെ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം സമനിലയില്‍. 404 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മധ്യപ്രദേശ് 167 ന് എട്ട് എന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചു. അവസാന രണ്ട് വിക്കറ്റ് വീഴ്ത്തിയാൽ കേരളത്തിന് ജയം നേടാമായിരുന്നുവെങ്കിലും മധ്യപ്രദേശിന്റെ വാലറ്റക്കാർ പിടിച്ചുനിന്നു. കേരളത്തിനായി ശ്രീഹരി എസ് നായർ നാല് വിക്കറ്റും ഏദൻ ആപ്പിൾ ടോം രണ്ട് വിക്കറ്റും നേടി.
നേരത്തെ നാലാം ദിവസം രാവിലെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് പുനരാരംഭിച്ചത്. സച്ചിൻ ബേബിയുടെയും ബാബ അപരജിത്തിന്റെയും സെഞ്ച്വറിയാണ് നാലാം ദിവസം കേരളത്തെ അതിവേഗം മികച്ച സ്കോറിലെത്തിച്ചത്. സച്ചിൻ ബേബി പുറത്താകാതെ 122 റൺസ് നേടിയപ്പോൾ 105 റൺസെടുത്ത ബാബ അപരജിത്ത് പരിക്കേറ്റ് ഇന്നിങ്സ് പൂർത്തിയാക്കാൻ കഴിയാതെ മടങ്ങി.
314 റൺസിന് രണ്ടാം ഇന്നിങ്സിൽ കേരളം ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 281 റൺസ് നേടിയ കേരളത്തിന് 89 റൺസിന്റെ ലീഡ് ഉണ്ടായിരുന്നു. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 192 ലൊതുങ്ങിയപ്പോൾ രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.
Content Highlights: Kerala draws against Madhya Pradesh in Ranji Trophy