'മൂന്നാം നമ്പറില്‍ മ്യൂസിക്കല്‍ ചെയര്‍ കളിക്കാന്‍ പറ്റില്ല'; സായ് സുദര്‍ശനെ തഴഞ്ഞതിനെതിരെ മുന്‍ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സായ് സുദര്‍ശനെ ഇന്ത്യ തഴഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം

'മൂന്നാം നമ്പറില്‍ മ്യൂസിക്കല്‍ ചെയര്‍ കളിക്കാന്‍ പറ്റില്ല'; സായ് സുദര്‍ശനെ തഴഞ്ഞതിനെതിരെ മുന്‍ താരം
dot image

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്യുകയാണ് ദക്ഷിണാഫ്രിക്ക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആതിഥേയരെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് റിഷഭ് പന്തും അക്‌സര്‍ പട്ടേലും തിരിച്ചെത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറും ധ്രുവ് ജുറേലും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സായ് സുദര്‍ശനെ ഇന്ത്യ തഴഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇപ്പോഴിതാ സായ് സുദര്‍ശനെ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും മൂന്നാം നമ്പറില്‍ ബാറ്റുചെയ്തിരുന്ന സായ് സുദര്‍ശന് കൊല്‍ക്കത്ത ടെസ്റ്റിനുള്ള ഇലവനില്‍ ഇടം നല്‍കാതിരിക്കുകയായിരുന്നു. മൂന്നാം നമ്പര്‍ പൊസിഷനില്‍ കസേരകളിക്കാന്‍ സാധിക്കില്ലെന്നാണ് ചോപ്ര തുറന്നടിച്ചത്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഇടം നല്‍കിയില്ലെങ്കില്‍ പിന്നെന്തിനാണ് ടീമിലെടുത്തതെന്നും ചോപ്ര ചോദിച്ചു.

'സായ് സുദര്‍ശന്റെ ബാറ്റിങ്ങില്‍ തൃപ്തരല്ലെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ അദ്ദേഹത്തെ ടീമിലെടുത്തത്? അദ്ദേഹത്തില്‍ വിശ്വാസമില്ലെങ്കില്‍ ടീമില്‍ പതിനഞ്ച് കളിക്കാരെ തികയ്ക്കുന്നതിന് വേണ്ടി മാത്രം ടീമിലെടുത്തത് എന്തിനാണ്? എനിക്കത് മനസിലാകുന്നില്ല', ചോപ്ര പറഞ്ഞു.

'ടീം വിജയിക്കുന്നത് ക്രിക്കറ്റിന്റെ ഒരു ഭാഗം മാത്രമാണ്. കളിക്കാരെ തയ്യാറാക്കുകയും അവരെ മുന്നോട്ടുനയിക്കുകയും ചെയ്യുന്നതാണ് ക്രിക്കറ്റിന്റെ രണ്ടാം ഭാഗം. ഇവിടെ സായ് സുദര്‍ശന്‍ മികച്ച റണ്‍സെടുത്തിട്ടും തഴയപ്പെടുന്നു. പക്ഷേ ഇലവനില്‍ ഉള്‍പ്പെട്ടില്ല എന്നതുകൊണ്ട് നിങ്ങള്‍ ഉപയോഗമില്ലാത്ത താരമാണെന്ന് അര്‍ത്ഥമില്ല. മൂന്നാം നമ്പറെന്നത് മ്യൂസിക്കല്‍ ചെയര്‍ കളിക്കാനുള്ള ഇടമായി മാറരുത്. രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയും ഇറങ്ങിയിട്ടുള്ള പൊസിഷനില്‍ ഇപ്പോള്‍ ഒരു മികച്ച താരത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല', ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlights: IND vs SA: No.3 spot can't be a musical chairs game, Aakash Chopra slammed the decision to drop Sai Sudharsan

dot image
To advertise here,contact us
dot image