

വനിതാ ഏകദിന ലോകകപ്പിൽ ജേതാക്കളായതിന് പിന്നാലെ ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻസി മാറണമെന്ന ചർച്ചകൾ നടക്കുകയാണ്. നിലവിലെ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ മാറ്റി സ്മൃതി മന്ദാനയ്ക്ക് ക്യാപ്റ്റൻസി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ ശാന്ത രംഗസ്വാമി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഹര്‍മന്‍പ്രീത് കൗറിനെ മാറ്റണമെന്ന ആവശ്യങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ അഞ്ജും ചോപ്ര.
'എല്ലാ ലോകകപ്പിന് ശേഷവും ഹര്‍മനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയരാറുണ്ട്. കഴിഞ്ഞ 4-5 ലോകകപ്പുകളിലും നമ്മളിത് കണ്ടതാണ്. ഇന്ത്യ ജയിച്ചാലും തോറ്റാലും ഹര്‍മനെ ഒഴിവാക്കണമെന്ന ആവശ്യം ഉയരാറുണ്ട്. അക്കാര്യത്തില്‍ ഒരു മാറ്റവും സംഭവിക്കാറില്ല. ഇത്തരം പ്രസ്താവനകളോട് മറുപടി പറയാന്‍ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. കാരണം അത് ഇന്ത്യയുടെ വിജയത്തിന്റെ സന്തോഷം നശിപ്പിക്കും', എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ അഞ്ജും ചോപ്ര പറഞ്ഞു.
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെയാണ് ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന നിർദേശവുമായി മുന്‍ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി രംഗത്തെത്തിയത്. ടീമിന്റെ ഭാവിയെ മുന്നിൽ നിർത്തി 36കാരിയായ ഹര്‍മന്‍പ്രീത് സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29കാരി സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കണമെന്നുമായിരുന്നു ശാന്താ രംഗസ്വാമി പിടിഐയോട് പറഞ്ഞത്.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ഹര്‍മന് ബാറ്ററായും ഫീല്‍ഡറായും ടീമില്‍ തുടരാന്‍ കഴിയും. ക്യാപ്റ്റൻസിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനും താരത്തിനാകും. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഇതിലും മികച്ചൊരു സമയം ഇനി ലഭിക്കില്ല. ശാന്താ രംഗസ്വാമി വ്യക്തമാക്കി.
Content Highlights: "Win Or Loss, They Say Harman Should Be Removed": Anjum Chopra On Captaincy Change Talks