ഈഡനിൽ ആറ് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരുന്നു; ടോസ് ഇടുമ്പോൾ പിറക്കുക പുതുചരിത്രം

ഒന്നാം ടെസ്റ്റിന് മുമ്പായി ശുഭ്മൻ ​ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഈഡനിൽ പരിശീലനം ആരംഭിച്ചു

ഈഡനിൽ ആറ് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരുന്നു; ടോസ് ഇടുമ്പോൾ പിറക്കുക പുതുചരിത്രം
dot image

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന് ഈ മാസം 14ന് കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസ് വേദിയാകുകയാണ്. ആറ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഈഡനിൽ ഒരു ടെസ്റ്റ് മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. മത്സരത്തിനായി ടോസ് ഇടുന്നതും ഒരു പുതിയ ചരിത്രവും പിറക്കും. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും രണ്ട് മഹാരഥന്മാരായ നേതാക്കളുടെ മുഖങ്ങൾ പതിപ്പിച്ച നാണയമാണ് മത്സരത്തിന് മുമ്പായുള്ള ടോസിനായി ഉപയോ​ഗിക്കുക. ഒരു വശത്ത് മഹാത്മ​ഗാന്ധിയുടെയും മറുവശത്ത് നെൽസൺ മണ്ഡേലയുടെയും മുഖങ്ങളാവും നാണയത്തിലുണ്ടാകുക. ഇരുരാഷ്ട്രങ്ങളുടെയും നേതാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു തീരുമാനം.

ഒന്നാം ടെസ്റ്റിന് മുമ്പായി ശുഭ്മൻ ​ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഈഡനിൽ പരിശീലനം ആരംഭിച്ചു. മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഈഡനിലെ പിച്ച് ഫാസ്റ്റ് ബൗളർമാരെ പിന്തുണയ്ക്കും. അവശേഷിക്കുന്ന മൂന്ന് ദിവസങ്ങൾ സ്പിന്നർമാർക്ക് അനുകൂലമായും പിച്ച് മാറാനും സാധ്യതയുണ്ട്. നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഇതാദ്യമായാണ് ​ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Content Highlights: After six long years, Test cricket returns to the iconic Eden Gardens

dot image
To advertise here,contact us
dot image