

ഐപിഎല്ലില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറാനുള്ള സാധ്യത വർധിക്കുകയാണ്. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ ജഡേജയെ നല്‍കണമെന്ന് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. സിഎസ്‌കെ ഇതിന് സമ്മതിച്ചെന്നും ജഡേജയെ രാജസ്ഥാന് നല്‍കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.
ജഡേജയെ വിട്ടുനല്‍കുന്നതില്‍ ഇതിഹാസതാരം ധോണി എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോള്‍ അക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ്. ചെന്നൈയുടെ വിജയങ്ങളിൽ നിർണായക താരമായിട്ടുണ്ടെങ്കിലും ടീമിന് വേണ്ടി രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കാന്‍ ധോണി തയാറാകുമെന്നാണ് കൈഫ് പറയുന്നത്. ധോണിയുടെ അവസാന സീസണാണെന്ന് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ സിഎസ്‌കെയെ വീണ്ടും ചാമ്പ്യന്മാരാക്കുക എന്നതാണ് ധോനിയുടെ ലക്ഷ്യമെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ കൈഫ് പറഞ്ഞു.
'ധോണിയെ സംബന്ധിച്ചിടത്തോളം ടീം വിജയിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ടീമിന് ആറാം കിരീടം തന്നെയായിരിക്കും ഈ സീസണിൽ ധോണിയുടെ ലക്ഷ്യം. ഒരു താരത്തെ മാത്രം ആശ്രയിച്ച് ഒരു ടീമിന് കിരീടം നേടാന്‍ കഴിയില്ല. ടീമിന്റെ നല്ലതിന് വേണ്ടി ജഡേജയെ നഷ്ടപ്പെടുത്തണമെങ്കിൽ ധോണി അതിന് തയ്യാറാവും' കൈഫ് പറഞ്ഞു.
"സൗഹൃദങ്ങളുടെ അടിസ്ഥാനത്തിലാണ് ധോണി പ്രവർത്തിക്കുന്നതെന്ന് പലരും പറയാറുണ്ട്. പ്രിയപ്പെട്ടവർക്ക് കുറച്ച് അധികം അവസരങ്ങൾ നൽകുന്നുവെന്നും ആളുകള്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന്റെ അർത്ഥം അദ്ദേഹത്തിന്റെ ശ്രദ്ധ ടീമിന്റെ വിജയത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നല്ല. സിഎസ്‌കെയെ ചാമ്പ്യനാക്കുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടി ജഡേജയെ വിട്ടുകളയേണ്ടി വന്നാൽ അദ്ദേഹം അതിന് മടിക്കില്ല. ടീമിന് ഒരു മികച്ച ഓപ്ഷൻ ലഭിക്കുമെന്ന് ധോണിക്ക് തോന്നിയാൽ അദ്ദേഹം തീരുമാനമെടുക്കും," കൈഫ് അഭിപ്രായപ്പെട്ടു.
Content Highlights: MS Dhoni will sacrifice Ravindra Jadeja to get Sanju Samson for CSK's good says Kaif