

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുഹമ്മദ് ഷമിക്ക് ഇടം നൽകാത്തത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കെ താരം ഇംഗ്ലണ്ടിൽ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാൻ വിസമതിച്ചുവെന്ന് വെളിപ്പെടുത്തലുമായി ബിസിസിഐ വൃത്തങ്ങൾ. ജസ്പ്രീത് ബുംമ്രയ്ക്ക് പകരമായി ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കാൻ ഷമിയെ ടീമിൽ ഉൾപ്പെടുത്താനായിരുന്നു ബിസിസിഐ ആലോചന. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തന്റെ ശരീരം പൂർണമായി തയ്യാറായിട്ടില്ലെന്നാണ് ഷമി പ്രതികരിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.
'ഇന്ത്യൻ ദേശീയ ടീം സെലക്ടർമാരും ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിലെ സപ്പോർട്ട് സ്റ്റാഫും ഷമിയുടെ വിവരങ്ങൾ അറിയുന്നതിനായി പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംമ്രയ്ക്ക് ഇംഗ്ലണ്ട് പരമ്പരയിൽ മൂന്നിൽ കൂടുതൽ ടെസ്റ്റുകൾ കളിക്കാൻ കഴിയില്ലായിരുന്നു. ബുംമ്രയുടെ അഭാവത്തിൽ ഇംഗ്ലണ്ടിൽ പരിചയസമ്പനന്നായ ഒരു താരത്തെ ഉപയോഗിക്കാൻ സെലക്ഷൻ കമ്മറ്റിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.' ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പ്രതികരിച്ചു.
'ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയുന്ന ഒരു ബൗളറെ ഏത് ടീമാണ് ഒഴിവാക്കുക? ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ളതിൽ ഒന്നിലെങ്കിലും കളിക്കാൻ ഷമിയോട് ബിസിസിഐ അഭ്യർത്ഥിച്ചിരുന്നു. ഷമിയുമായി ആശയവിനിമയം നടക്കുന്നില്ലെന്ന വാർത്തകൾ തെറ്റാണ്. ഷമിയ്ക്ക് ഇപ്പോൾ കായികക്ഷമത എത്രത്തോളമുണ്ടെന്ന വിവരങ്ങൾ സ്പോർട്സ് സയൻസുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.' ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2023ലെ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യൻ ടീമിലെ അവസരം നഷ്ടമാക്കിയത്. പരിക്കിനെ അവഗണിച്ച് ഇന്ത്യൻ ടീമിൽ തുടർന്ന ഷമി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. എന്നാൽ നീണ്ടകാലം പരിക്കിനെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 2024ലെ ഐപിഎല്ലും ട്വന്റി 20 ലോകകപ്പും ഷമിക്ക് നഷ്ടമായി. പിന്നീട് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു ഷമിയുടെ ബൗളിങ്. 2025 ഫെബ്രുവരിയിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലും വിക്കറ്റ് വേട്ടയിൽ ഷമിയായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും റൺസ് ധാരാളം വിട്ടുകൊടുക്കുന്നുമുണ്ട്. ഇതോടെ താരത്തിന്റെ കായികക്ഷമതയിൽ വീണ്ടും സംശയമുണർന്നു. ഇപ്പോൾ രഞ്ജി ട്രോഫിയിലടക്കം കളിക്കുന്നുണ്ടെങ്കിലും താരത്തെ ദേശീയ ടീമിലേക്ക് എടുക്കാത്തതിൽ വിമർശനവും ശക്തമാണ്.
Content Highlights: Mohammad Shami refused to play for India A in England: BCCI Sources