

ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍. മെട്രോ സ്‌റ്റേഷന് സമീപമുള്ള സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ദാരുണമായ സംഭവത്തില്‍ നിരവധി നിരപരാധികളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അങ്ങേയറ്റം ദുഖകരമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ദുഖത്തിന്റെ ഈ മണിക്കൂറില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു.
സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മരിച്ചവരുടെ ആത്മാക്കള്‍ക്ക് ദൈവം ശാന്തി നല്‍കട്ടെയെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
സംഭവം അത്യന്തം ദുഖകരമാണെന്നും സര്‍ക്കാര്‍ സമഗ്രമായി അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ സമഗ്രമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്ത് ഇത്രയും വലിയൊരു സ്‌ഫോടനം നടന്നിട്ട് നിശബ്ദത പാലിക്കാന്‍ സാധിക്കില്ലെന്ന് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നില്ല. പുല്‍വാമയിലെ നിന്ന് പിടികൂടിയ 300 കിലോഗ്രാം ആര്‍ഡിഎക്‌സ് എവിടെ നിന്ന് വന്നെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കും, ഉത്തരങ്ങള്‍ നല്‍കിയേ മതിയാകൂവെന്നും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം വീമ്പിളക്കുന്ന സുരക്ഷിത തലസ്ഥാനം ഇതാണോയെന്ന് കോണ്‍ഗ്രസ് രാജ്യസഭാ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി എംപി ചോദിച്ചു. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ആവര്‍ത്തിച്ചുള്ള സുരക്ഷാ വീഴ്ചകള്‍ സര്‍ക്കാരിന്റെ അലംഭാവത്തെ തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം സുരക്ഷാ വീഴ്ച സംഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Opposition leaders reaction on Red Fort incident