

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" തീയേറ്ററുകളിൽ 75 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങൾ തീയേറ്ററുകളിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുന്നത്.
ഒക്ടോബർ 31നു ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.
കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് മാത്രം 121 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ മലയാള ചിത്രമായും മാറിയിരുന്നു.

അതിഗംഭീര പ്രൊഡക്ഷൻ നിലവാരവും അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ്ങുമുള്ള ചിത്രം, അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ആണ് എത്തിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ച ചിത്രത്തിൽ, ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ അതിഥി താരങ്ങളായും തിളങ്ങി. "ലോക" കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി "ലോക" മാറിയിരുന്നു. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും ഇന്ത്യൻ സിനിമയിലെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ " ലോക ചാപ്റ്റർ 2" യിൽ ടോവിനോ തോമസ് ആണ് നായകൻ.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ ,കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് - സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
Content Highlights: 'Lokah' completes 75 days in theaters