

രഞ്ജി ട്രോഫി ക്രിക്കറ്റിൽ അതിവേഗ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കി മഹാരാഷ്ട്ര താരം പൃഥ്വി ഷാ. ടൂർണമെന്റ് ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണിത്. ചണ്ഡീഗഡിനെതിരായ രഞ്ജി മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 156 പന്തില്‍ 222 റണ്‍സടിച്ച പൃഥ്വി ഷാ 141 പന്തിലാണ് ഇരട്ട സെഞ്ച്വറിയിലെത്തി റെക്കോര്‍ഡിട്ടത്. 28 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് പൃഥ്വി ഷായുടെ ഇന്നിംഗ്സ്.
കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിനെതിരായ പ്ലേറ്റ് ലീഗ് മത്സരത്തിൽ 119 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഹൈദരാബാദ് താരം തന്‍മയ് അഗര്‍വാളിന്‍റെ പേരിലാണ് രഞ്ജി ട്രോഫിയിലെ അതിവേഗ ഇരട്ട സെഞ്ചുറിയുടെ റെക്കോര്‍ഡ്. 1985ല്‍ മുംബൈക്കായി രവി ശാസ്ത്രി 123 പന്തില്‍ ഇരട്ട സെഞ്ചുറി നേടിയതാണ് രഞ്ജി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറി.
2017 മുതല്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിച്ച പൃഥ്വി ഷാ ഈ സീസണിലാണ് ടീം മാറി മഹാരാഷ്ട്രയിലെത്തിയത്. ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യ ഇന്നിംഗ്ലില്‍ പൂജ്യത്തിന് പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി(75) തിളങ്ങിയിരുന്നു.
ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായ പൃഥ്വി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുമായി റെക്കോര്‍ഡ് സ്വന്തമാക്കി.
രഞ്ജിക്ക് മുമ്പ് തന്റെ മുൻ ടീമായ മുംബൈയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. നേരത്തെ ബുച്ചി ബാബു ക്രിക്കറ്റില്‍ മഹാരാഷ്ട്രക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറിയും പൃഥ്വി നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷായെ മുംബൈ ഒഴിവാക്കിയിരുന്നു. അച്ചടക്കമില്ലായ്മയും ശാരീരികക്ഷമതയില്ലായ്മയുമാണ് കാരണം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പൃഥ്വി ഷാ മുമ്പ് കളിച്ചിരുന്ന ഐപിഎൽ ക്ലബുകളിൽ നിന്നും മറ്റുമെല്ലാം താരത്തിന് നേരെ വെളിപ്പെടുത്തലുണ്ടായി.
2018ൽ അണ്ടർ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് പല കാരണങ്ങളാല്‍ താരം ടീമുകളില്‍ നിന്ന് തഴയപ്പെട്ടു. 2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെഗാലേലത്തിൽ താരത്തെ വാങ്ങാൻ ടീമുകൾ ആരും രംഗത്തെത്തിയിരുന്നില്ല. മികച്ച ആഭ്യന്തര സീസണോടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
Content Highlights- Ranji Trophy: Prithvi Shaw hits fastest double-hundred in tournament history