വനിതാ അണ്ടർ 19 ട്വൻ്റി 20; ഛത്തീസ്ഗഢിനെ തകർത്ത് കേരളം

വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ, ആദ്യ വിജയവുമായി കേരളം

വനിതാ അണ്ടർ 19 ട്വൻ്റി 20; ഛത്തീസ്ഗഢിനെ തകർത്ത് കേരളം
dot image

വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ, ആദ്യ വിജയവുമായി കേരളം. ഛത്തീസ്ഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. മഴയെ തുടർന്ന് വെട്ടിച്ചുരുക്കിയ മത്സരത്തിലായിരുന്നു കേരളത്തിൻ്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 18 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതിനെ തുടർന്ന് കേരളത്തിൻ്റെ വിജയലക്ഷ്യം 12 ഓവറിൽ 65 റൺസാക്കി പുതുക്കി നിശ്ചയിച്ചു. കേരളം നാല് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് കേരളത്തിൻ്റെ ഉജ്ജ്വല ബൌളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ആകെ മൂന്ന് പേർ മാത്രമാണ് ഛത്തീസ്ഗഢ് നിരയിൽ രണ്ടക്കം കണ്ടത്. അവസാന ഓവറുകളിൽ 7 പന്തുകളിൽ നിന്ന് 18 റൺസ് നേടി പുറത്താകാതെ നിന്ന പലക് സിങ്ങാണ് ഛത്തീസ്ഗഢിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മനസ്വിയും ഇസബെല്ലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മഴയെ തുടർന്ന് പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യവും പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ മനസ്വിയുടെയും ശ്രദ്ധ സുമേഷിൻ്റെയും കൂട്ടുകെട്ട് മത്സരം കേരളത്തിന് അനുകൂലമാക്കി. മികച്ച റൺറേറ്റിൽ ഇന്നിങ്സ് മുന്നോട്ടു നീക്കിയ ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയത്തിന് അടിത്തറയിട്ടു. മനസ്വി 32 റൺസുമായി പുറത്താകാതെ നിന്നു. ശ്രദ്ധ 15 റൺസ് നേടി.

Content Highlights:Kerala thrash Chhattisgarh in Women's Under-19 Twenty20

dot image
To advertise here,contact us
dot image