
ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡിൽ വെച്ച നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 264 റൺസ് നേടിയപ്പോൾ ഓസീസ് ഏഴ് വിക്കറ്റ് നടഷ്ടത്തിൽ ലക്ഷ്യം കണ്ടു. 74 റൺസ് നേടിയ മാറ്റ് ഷോർട്ടാണ് കളി ഓസീന് അനുകൂലമാക്കിയത്. കൂപ്പർ കോണളി പുറത്താകാതെ 61 റൺസ് നേടി.
ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മിച്ചൽ ഓവൻ 23 പന്തിൽ 36 റൺസ് നേടിയിരുന്നു. ഓസീസിന് വേണ്ടി നാല് വിക്കറ്റ് നേടിയ ആദം സാംബയാണ് കളിയിലെ താരം. അഡ്‌ലെയ്ഡിൽ തോറ്റതോടെ 17 വർഷത്തെ ചരിത്രമാണ് മാറ്റിയെഴുതപ്പെട്ടത്. കഴിഞ്ഞ 17 വർഷമായി അഡ്‌ലെയ്ഡിൽ ഒരു ഏകദിന മത്സരം പോലും ഇന്ത്യൻ ടീം തോറ്റില്ലായിരുന്നു. ഇന്നത്തെ തോൽവിയോടെ ആ റെക്കോർഡും മാറ്റിയെഴുതപ്പെട്ടിരിക്കുകയാണ്.
നേരത്തെ ആദ്യം ബാറ്റ് വീശിയ ഇന്ത്യ 264 റൺസിന്റെ ഭേദപ്പെട്ട ടോട്ടൽ നേടിയെടുത്തിരുന്നു. ഒമ്പതാം വിക്കറ്റിൽ ഹർഷിത് റാണയുടെയും അർഷ്ദീപിന്റെയും ചെറുത്ത്‌നിൽപ്പാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 37 റൺസ് നേടിയെടുത്തു. റാണ 18 പന്തിൽ 24 റൺസും അർഷ്ദീപ് 14 പന്തിൽ 13 റൺസാണ് നേടിയത്.
ഇന്ത്യൻ നിരയിൽ രോഹിത് ശർമ( 73 ), ശ്രേയസ് അയ്യർ(61), അക്സർ പട്ടേൽ( 44) എന്നിവർ തിളങ്ങി. സൂപ്പർ താരം വിരാട് കോഹ്ലി(0), ശുഭ്മാൻ ഗിൽ (9) എന്നിവർ വീണ്ടും നിരാശപ്പെടുത്തി. കെ എൽ രാഹുൽ , വാഷിഗ്ടൺ സുന്ദർ , നിതീഷ് കുമാർ റെഡ്ഡി എന്നിവർക്ക് തിളങ്ങാനായില്ല. ഓസീസിനായി ആദം സാംപ നാല് വിക്കറ്റും സേവ്യർ ബാർട്ട്‌ലെറ്റ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവരാൻ ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച്ചയാണ് അടുത്ത മത്സരം.
Content Highlights- India lost against Austrailia in Adliede in an odi after 17 years