തോറ്റാൽ പരമ്പര നഷ്ടം, അഡ‍ലെയ്ഡിൽ ഇന്ത്യയ്ക്ക് നിർണായകം; ഓസീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്

പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഉറച്ച് ഇന്ത്യ ഇറങ്ങുമ്പോൾ വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും മുൻപിലുള്ള മറ്റൊരു അഗ്നിപരീക്ഷ കൂടിയായി ഈ മത്സരം മാറുന്നുണ്ട്

തോറ്റാൽ പരമ്പര നഷ്ടം, അഡ‍ലെയ്ഡിൽ ഇന്ത്യയ്ക്ക് നിർണായകം; ഓസീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്
dot image

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. അഡലെയ്ഡ് ഓവലിൽ ഇന്ത്യൻ സമയം രാവിലെ ഒൻപത് മണിക്കാണ് നിർണായക മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഓസ്ട്രേലിയക്കെതിരെ തിരിച്ചടിക്കാൻ ഉറപ്പിച്ചായിരിക്കും ശുഭ്മൻ ഗില്ലും സംഘവും അഡലെയ്ഡിൽ ഇറങ്ങുന്നത്. ഈ മത്സരത്തിലും ഇന്ത്യ പരാജയം വഴങ്ങിയാല്‍ പരമ്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കും. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഉറച്ച് ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും മുൻപിലുള്ള മറ്റൊരു അഗ്നിപരീക്ഷ കൂടിയായി ഈ മത്സരം മാറുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിർത്തുമെന്നാണ് വിവരം. ആദ്യ മത്സരത്തിൽ‌ നിരാശപ്പെടുത്തിയതിനാൽ കോഹ്‌ലിക്കും രോഹിത്തിനും ഈ മത്സരം വളരെ നിർണായകമാണ്.

പെർത്തിൽ രോഹിത്തും കോഹ്‌ലിയും ശുഭ്മൻ ഗില്ലുമെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയപ്പോൾ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മഴ പലതവണ രസംകൊല്ലിയായി എത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. കോഹ്‌ലി പൂജ്യത്തിനും രോഹിത് എട്ട് റൺസിനും പുറത്തായിരുന്നു.

പെർത്തിലേതു പോലെയല്ലെങ്കിലും അഡലെയ്ഡിലും മഴഭീഷണിയുണ്ട്. എന്നാൽ മത്സരം തടസപ്പെടുത്തുന്ന തരത്തിൽ മഴ പെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വേദിയാണ് അഡലെയ്ഡ്. കഴിഞ്ഞ 17 വർഷമാണ് അഡ്‌ലെയഡ് ഓവലിൽ ഒരു ഏകദിന മത്സരത്തിൽ പോലും ഇന്ത്യ തോറ്റിട്ടില്ല എന്നുള്ളത് ഇന്ത്യക്ക് ആശ്വസിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്.

Content Highlights: AUS vs IND; Australia vs India second ODI Today

dot image
To advertise here,contact us
dot image