
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപൽ എംപി. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാർഥിയാക്കുമെന്ന് വാക്ക് നൽകരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'സിറ്റ് ടു വിൻ' നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് കെ സി ഇക്കാര്യം പറഞ്ഞത്.
യുഡിഎഫിന്റെ വിജയത്തെ തടയാൻ കോൺഗ്രസ് പാർട്ടിയിലെ അനൈക്യം മാത്രമേ കാരണമായുള്ളൂ. ഈ വസ്തുതയെ മനസ്സിലാക്കി വർധിതമായ ഐക്യത്തോടെ മുന്നോട്ടുപോകാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണം. കോൺഗ്രസിൽ പ്രശ്‌നങ്ങൾ വരുത്തിതീർക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയണം. നേതാക്കന്മാർ ചാനലുകളെ കാണുമ്പോൾ ജാഗ്രത പാലിക്കണം. പാവപ്പെട്ട പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഒരു വാക്കുപോലും ആരും പറയരുതെന്നും കെ സി പറഞ്ഞു.
ജില്ലയിലെ കെപിസിസി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ഡിസിസി എക്‌സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 319 പേര്‍ പങ്കെടുത്ത ക്യാമ്പിലാണ് നേതാവിന്‍റെ പ്രതികരണം.
ഐക്യത്തോടെയുള്ള പ്രവർത്തനവും കുറ്റമറ്റരീതിയിലുള്ള സ്ഥാനാർഥിനിർണയവും ഉറപ്പുവരുത്തണമെന്ന് ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. സ്ഥാനാർഥികളെ പ്രാദേശികതലത്തിൽ സമവായത്തിലൂടെ കണ്ടെത്തണം. അന്യായമായ ഒരു ഇടപെടലും ഒരു നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. നേതാക്കൾ പക്ഷംപിടിക്കരുത്. മധ്യസ്ഥ നിലപാട് സ്വീകരിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സ്ഥാനാർഥികളായി താഴേത്തട്ടിൽ നിന്നുള്ളവരെമാത്രം കണ്ടെത്തണമെന്നും ജനങ്ങൾ അംഗീകരിക്കുന്ന ജനസമ്മതനായ ജയസാധ്യതയുള്ളവരെ മാത്രം സ്ഥാനാർഥികളായി കണ്ടെത്തണമെന്നും ക്യാമ്പിൽ അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗരേഖ ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ക്യാമ്പിൽ അവതരിപ്പിച്ചു.
Content Highlights: 'No one should become a candidate themselves and should not promise to make anyone a candidate'; KC Venugopal suggests