
ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് കൊണ്ട് പരാജയപ്പെട്ട ഇന്ത്യൻ സൂപ്പർതാരമായ വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ ശഇതിഹാസ നായകൻ റിക്കി പോണ്ടിങ്. മുൻ കാലങ്ങളിലെ പോലെ തന്നെ വിരാട് എല്ലാം നേടാനുള്ള ആർജ്ജവമുള്ള കളിക്കാരനായി തന്നെ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പോണ്ടിങ് പറഞ്ഞു.
ലോകകപ്പിൽ വിരാടും മുൻ നായകൻ രോഹിത് ശർമയും കളിക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം നേടിയെന്ന് പറഞ്ഞ് ഒരു കളിക്കാരൻ ഇരിക്കുന്നത് തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.
'ഒരു കളിക്കാരനിൽ എനിക്ക് കേൾക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത കാര്യമുണ്ടെങ്കിൽ അത് ഞാൻ എല്ലാം നേടിയെന്ന് പറഞ്ഞ് ഇരിക്കുന്നതാണ്. 2027 ലോകകപ്പിൽ കളിക്കുക എന്ന ലക്ഷ്യം ഇപ്പോഴും നിങ്ങളുടെ മുന്നിലുണ്ട്. വിരാട് എപ്പോഴും ഒരു മോട്ടിവേറ്റഡായി നിൽക്കുന്ന കളിക്കാരനാണ്. ഈ ഓസ്‌ട്രേലിയൻ പരമ്പരയിൽ പുതുതായി എന്തെങ്കിലും നേടാനായി വിരാട് ശ്രമിക്കും. അല്ലാതെ അടുത്ത ലോകകപ്പ് വരെ വെറും സമയം കളയാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് എനിക്ക് തോന്നുന്നത്. വിരാട് അങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്ക് താത്പര്യം,' പോണ്ടിങ് പറഞ്ഞു.
ചാമ്പ്യൻ താരങ്ങളെ എഴുതി തള്ളാൻ സാധിക്കില്ലെന്നും തിരിച്ചുവരവ് നടത്തിയാൽ 2027 ലോകകപ്പ് കളിക്കാനും സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ പൂജ്യത്തിനായിരുന്നും വിരാട് മടങ്ങിയത്. രോഹിത് എട്ട് റൺസെടുത്തും മടങ്ങി.
Content Highlights- Ricky Ponting Says virat is highlighly motivated player will do good in Ausies