
നമ്മളില്‍ മിക്കവരും പണമിടപാടുകള്‍ നടത്തുന്നതിന്റെ ഉറവിടം എന്നു പറയുന്നത് നമ്മുടെ ഏതെങ്കിലുമൊരു സേവിംഗ്‌സ് അക്കൗണ്ടായിരിക്കും. പേമെന്റുകള്‍ നടത്താനും പണം പിന്‍വലിക്കുന്നതിനും നിക്ഷേപങ്ങള്‍ക്കുമായി എല്ലാം ഈ അക്കൗണ്ട് നമ്മള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ദിവസേന ഇതിലൂടെ നമ്മള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ആദായനികുതി വകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്ക് ഈ അക്കൗണ്ട് വിധേയമാകുമെന്ന് പലര്‍ക്കും അറിയില്ല. സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകള്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിലേക്ക് എത്തിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകളിലും 10 ലക്ഷത്തില്‍ കൂടുതല്‍ രൂപ പണമായി നിക്ഷേപിച്ചാല്‍ നിങ്ങളുടെ ബാങ്ക് അത് ആദായനികുതി വകുപ്പിനെ അറിയിക്കും. ഇത് നിയമവിരുദ്ധമായ പ്രവര്‍ത്തി ഒന്നുമല്ല പക്ഷെ ഇന്‍കം ടാക്‌സ് ഓഫീസില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെയും മറ്റും രസീതുകള്‍ പോലുള്ള രേഖകള്‍ കാണിക്കേണ്ടതായിട്ട് വരും.
നിങ്ങള്‍ അസാധാരണമാംവിധം വലിയ അളവില്‍ പണം പിന്‍വലിക്കുകയോ അല്ലെങ്കില്‍ നിങ്ങളുടെ വരുമാനവുമായി പൊരുത്തപ്പെടാത്ത വലിയ പണമിടപാടുകള്‍ ഇടയ്ക്കിടെ നടത്തുകയോ ചെയ്താല്‍ ആദായ നികുതി വകുപ്പ് വിശദീകരണം ചോദിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് രസീതുകള്‍ അല്ലെങ്കില്‍ പേയ്മെന്റ് തെളിവുകള്‍ പോലുള്ളവ ഹാജരാക്കേണ്ടതായിട്ട് വരും.
വസ്തു വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇടപാടിന്റെയോ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യത്തിന്റെയോ അടിസ്ഥാനത്തില്‍ 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലമതിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ രജിസ്ട്രാര്‍/സബ്-രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്യും. ഫണ്ടിന്റെ ഉറവിടം പരിശോധിക്കുന്നതിനായി ആദായ നികുതി വകുപ്പ് ഈ എന്‍ട്രികള്‍ ഇരുകക്ഷികളുടെയും റിട്ടേണുകളുമായി താരതമ്യപ്പെടുത്തി നോക്കും.
വളരെക്കാലം പ്രവര്‍ത്തനരഹിതമായിരുന്ന ഒരു അക്കൗണ്ടില്‍ പെട്ടെന്ന് വലിയ നിക്ഷേപങ്ങളോ പിന്‍വലിക്കലുകളോ കണ്ടാല്‍ ബാങ്കുകള്‍ അതിനെ അസാധാരണ പ്രവര്‍ത്തനമായി കണക്കാക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് ഉപയോഗത്തിനായി വീണ്ടും അക്കൗണ്ട് ആക്ടീവാക്കുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ അതിന്റേതായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.
ഫോറെക്‌സ് കാര്‍ഡുകള്‍, ഡ്രാഫ്റ്റുകള്‍, അല്ലെങ്കില്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എന്നിവയിലൂടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിദേശ കറന്‍സിയില്‍ ചെലവഴിക്കുകയോ സ്വീകരിക്കുകയോ ചെയ്താല്‍ അംഗീകൃത ഡീലര്‍മാരും പണം മാറ്റുന്നവരും അത് റിപ്പോര്‍ട്ട് ചെയ്യണം. ആവര്‍ത്തിച്ചുള്ളതോ ഉയര്‍ന്ന മൂല്യമുള്ളതോ ആയ വിദേശ ചെലവുകള്‍ നമ്മുടെ വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായേക്കാം.
Content Highlights: Your regular savings account will also be audited keep these things in mind