
രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിൽ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഏകദിന ടീമിന്റെ കൂടി ക്യാപ്റ്റനാകാൻ ഗില്ലിന് പ്രത്യേക താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ രോഹിത്തിനെ മാറ്റിനിർത്തുക എന്ന പദ്ധതിയിൽ ഗില്ലിന് നറുക്ക് വീണതാണെന്നും കൈഫ് പറഞ്ഞു.
തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൈഫ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.
നേരത്തെഇന്ത്യയുടെ ഏകദിന ടീം നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ നീക്കിയ ബിസിസിഐ തീരുമാനത്തെ വിമര്‍ശിച്ച് കൈഫ് രംഗത്തെത്തിയിരുന്നു. 2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് യുവതാരങ്ങൾക്ക് അവസരം നൽകുകയാണ് ബിസിസിഐ ചെയ്തതെങ്കിലും രോഹിത് ശർമയുടെ സംഭാവനകളെ അവഗണിച്ചെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ശുഭ്മൻ ഗിൽ മികച്ചൊരു ക്യാപ്റ്റൻ ആയേക്കുമെങ്കിലും രോഹിത്തിനെ നിലനിർത്തണമായിരുന്നുവെന്നും കൈഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നടിച്ചു.
Content Highlights: muhammed kaif about gill and rohit sharma