ന്യൂയോർക്ക് ടൈംസിനെതിരായ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ്; പരാതിയിൽ വസ്തുതയില്ല, ട്രംപിന്റെ കേസ് തള്ളി കോടതി

ട്രംപിന്റെ അഭിഭാഷകര്‍ക്ക് പരാതി പുനഃപരിശോധിക്കാന്‍ നാല് ആഴ്ച സമയവും കോടതി അനുവദിച്ചു

ന്യൂയോർക്ക് ടൈംസിനെതിരായ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ്; പരാതിയിൽ വസ്തുതയില്ല, ട്രംപിന്റെ കേസ് തള്ളി കോടതി
dot image

വാഷിങ്ടണ്‍: അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ഉള്ളടക്കത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് ഫ്‌ളോറിഡയിലെ ഫെഡറല്‍ കോടതി തള്ളി. 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസാണ് തള്ളിയത്. ട്രംപിന്റെ അഭിഭാഷകര്‍ക്ക് പരാതി പുനഃപരിശോധിക്കാന്‍ നാല് ആഴ്ച സമയവും കോടതി അനുവദിച്ചു.

ട്രംപ് ഉന്നയിച്ച പരാതിയില്‍ വസ്തുതയില്ലെന്നും കോടതിയില്‍ നിയമപരമായ വാദങ്ങള്‍ ഉന്നയിച്ചില്ലെന്നും ഫെഡറല്‍ ജഡ്ജി സ്റ്റീവന്‍ മെറിഡേ വിമര്‍ശിച്ചു. ദിനപത്രം തന്നെക്കുറിച്ച് നുണപ്രചാരണം നടത്തുന്നുവെന്ന് പറഞ്ഞാണ് ട്രംപ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വസ്തുതാരഹിതമായ വിവരങ്ങള്‍, ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചു നല്‍കിയെന്നും ട്രംപ് ആരോപിച്ചിരുന്നു.

ട്രംപിന്റെ സാമ്പത്തിക ഇടപാടുകളും പ്രസിഡന്റാകുന്നതിന് മുമ്പുള്ള ടെലിവിഷന്‍ പരമ്പരയായ ദി അപ്രന്റീസിലെ പ്രധാന വേഷവും കേന്ദ്രീകരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാരായ റസ് ബ്യൂട്ട്നറും സൂസന്‍ ക്രെയ്ഗും എഴുതിയ ഒരു പുസ്തകത്തിന്റെയും ലേഖനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു കേസ്.

തനിക്കെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മുഖപത്രമായി പത്രം പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് മാനനഷ്ടക്കേസ് നല്‍കിയത്. ന്യൂയോര്‍ക്ക് ടൈംസിനെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രമെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപ് മാനനഷ്ടക്കേസ് നല്‍കിയത്.

Content Highlights: Court rejected Donald trump s case against New York Times

dot image
To advertise here,contact us
dot image