
ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ആരംഭിച്ച വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ടോസിന് ശേഷവും മത്സരത്തിന് ശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് കൈകൊടുക്കാതിരുന്നത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി കൈകൊടുക്കരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നെന്നാണ് പാകിസ്താന്‍ ആരോപിച്ചത്.
ഇതിന് പിന്നാലെ ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റിന്റെ റഫറി പാനലില്‍ നിന്ന് മാറ്റണമെന്നും അല്ലാത്ത പക്ഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
ടോസിടുന്നതിന് വെറും നാല് മിനിറ്റ് മുന്‍പുമാത്രമാണ് ഹസ്തദാനം ചെയ്യില്ലെന്ന ബിസിസിഐയുടെ സന്ദേശം ആന്‍ഡി പൈക്രോഫ്റ്റിന് ലഭിക്കുന്നതെന്നാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈക്രോഫ്റ്റ് മൈതാനത്തേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വെന്യൂ മാനേജറാണ് ഇക്കാര്യം അംപയറെ അറിയിക്കുന്നത്. 'ക്യാപ്റ്റന്‍മാരായ സൂര്യകുമാറും സല്‍മാനും തമ്മില്‍ ഒരു ഹസ്തദാനവും ഉണ്ടാകില്ല' എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ബിസിസിഐയില്‍ നിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് എസിസി വേദി മാനേജര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യം പൈക്രോഫ്റ്റിന് ഐസിസിയെ അറിയിക്കാമായിരുന്നെന്നാണ് പാകിസ്താന്‍ നേരത്തെ കുറ്റപ്പെടുത്തിയത്. എന്നാല്‍ മാച്ച് റഫറിക്ക് അതിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല.
Content Highlights: 4 Minutes Before India vs Pak Toss, Match Referee Received BCCI's 'Message'