
ന്യൂഡൽഹി: പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഡൽഹിയിലും അയ്യപ്പസംഗമം. നാളെ നടക്കുന്ന ബദൽ അയ്യപ്പ സംഗമത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്ര പങ്കെടുക്കും. പണത്തിന്റെ പേരിൽ തീർത്ഥാടകരെ വേർതിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സംഘാടകർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് ഡൽഹിയിലും ബദൽ അയ്യപ്പസംഗമം നടത്തുന്നത്. നാളെ വൈകിട്ട് ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര അയ്യപ്പജ്യോതി തെളിയിക്കും.
ശബരിമല സ്ത്രീപ്രവേശനത്തിൽ വിയോജന വിധി എഴുതിയ ജഡ്ജിയാണ് ഇന്ദുമൽഹോത്ര. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തർക്ക് എതിരായ 'വ്യാജ കേസുകൾ പിൻവലിക്കണം' എന്ന് സംഘാടകർ ആവശ്യപ്പെട്ടു. താൽപ്പര്യമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാമെന്ന് ഡൽഹി എസ്എൻഡിപി ഘടകവും അയ്യപ്പ സംഗമത്തിന് പൂർണപിന്തുണ എന്ന് ഡൽഹി എൻഎസ്എസും അറിയിച്ചു.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിന്റെ വേദിയടക്കമുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പമ്പയിൽ പൂർത്തിയായി. രാവിലെ ഒമ്പതരയോടെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ നാളെ പരിപാടിക്ക് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയിൽ സ്വാഗതം പറയും. മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. വിവിഐപികൾ അടക്കം മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ ശബരിമല മാസ്റ്റർപ്ലാൻ, ശബരിമലയിലെ തിരക്ക് നിയന്ത്രണം, തീർത്ഥാടന ടൂറിസം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ചർച്ചാ വിഷയമാകും.
3,500 പ്രതിനിധികൾക്കുള്ള ഇരിപ്പിടമാണ് പ്രധാന വേദിയിൽ ഒരുക്കിയിട്ടുള്ള്. പാനൽ ചർച്ചകൾക്കും, ഭക്ഷണശാലയ്ക്കും പന്തലുകൾ ഒരുക്കിയിട്ടുണ്ട്. 300ടൺ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേർന്ന് ദേവസ്വം ബോർഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ മന്ത്രിമാർ സംഗമത്തിൽ പങ്കെടുക്കും. തമിഴ്‌നാട്ടിൽനിന്ന് പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നീ രണ്ട് മന്ത്രിമാരാണ് പങ്കെടുക്കുക. സംഗമത്തിന് എത്തുന്നവർക്കുള്ള താമസ സൗകര്യത്തിനുള്ള സജ്ജീകരണങ്ങളും തയ്യാറാണ്.
Content Highlights: Ayyappa Sangamam to be held in Delhi as an alternative to the global Ayyappa Sangamam