'ആദ്യം നല്ല ക്രിക്കറ്റ് കളിക്കുന്നതില്‍ ശ്രദ്ധിക്കൂ'; പാകിസ്താന്റെ ഹസ്തദാന വിവാദങ്ങളില്‍ കപില്‍ ദേവ്‌

'ആരെങ്കിലും കൈ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് വലിയ പ്രശ്നമാക്കേണ്ട ആവശ്യമില്ല'

'ആദ്യം നല്ല ക്രിക്കറ്റ് കളിക്കുന്നതില്‍ ശ്രദ്ധിക്കൂ'; പാകിസ്താന്റെ ഹസ്തദാന വിവാദങ്ങളില്‍ കപില്‍ ദേവ്‌
dot image

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെയുണ്ടായ ഹസ്തദാന വിവാദത്തിലും പാകിസ്താന്റെ ബോയ്‌കോട്ട് ആവശ്യങ്ങളിലും പ്രതികരിച്ച് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്. ഇത്തരം ചെറിയ കാര്യങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കപില്‍ പറഞ്ഞു. കൈ കുലുക്കണോ കെട്ടിപ്പിടിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും കപില്‍ ദേവ് എടുത്തുപറഞ്ഞു.

'ഇതെല്ലാം ചെറിയ കാര്യങ്ങളാണ്. മികച്ച ക്രിക്കറ്റ് കളിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരെങ്കിലും കൈ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇരുപക്ഷത്തിനും അത് വലിയ പ്രശ്നമാക്കേണ്ട ആവശ്യമില്ല. തെറ്റായ പ്രസ്താവനകള്‍ നല്‍കുന്നത് ശരിയല്ല. പക്ഷേ ചില ക്രിക്കറ്റ് താരങ്ങള്‍ വിവാദമാകുന്ന പ്രസ്താവനകള്‍ നടത്തുന്നു. പാകിസ്താന്‍ നല്ല പ്രകടനം കാഴ്ചവെച്ചിട്ടില്ല. അവര്‍ അതിലാണ് പ്രവര്‍ത്തിക്കേണ്ടത്. കൈ കൊടുക്കണോ കെട്ടിപ്പിടിക്കണോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്', അദ്ദേഹം പറഞ്ഞു.

ഏഷ്യ കപ്പിലെ ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ ഏകപക്ഷീയമായി തോല്‍പ്പിച്ചിരുന്നു. മത്സരത്തിന് ശേഷം പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ കളിക്കാര്‍ ഷേക്ക് ഹാന്‍ഡ് നല്‍കാത്തത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഇത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനേക്കാള്‍ വലുതായ കാര്യമാണെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്. ടോസ് സമയത്തും സൂര്യകുമാര്‍ യാദവ് പാകിസ്താന്‍ ക്യാപ്റ്റന് ഷേക്ക് ഹാന്‍ഡ് നല്‍കിയിരുന്നില്ല.

അതേ സമയം ഇതിനെതിരെ പാകിസ്താന്‍ രംഗത്തെത്തി. ടോസ് സമയത്ത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്നുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.

അതുകൊണ്ട് തന്നെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റിന്റെ പാനലില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പാകിസ്താന്‍ പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയ്ക്കെതിരെ പിഴയടക്കം ചുമത്തണമെന്നും പാകിസ്താന്‍ വാദിച്ചു.

Content Highlights: Kapil Dev Frustrated By Pakistan Asia Cup 2025 Boycott Drama

dot image
To advertise here,contact us
dot image