
കെസിഎൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് രണ്ടാം തോൽവി. സൂപ്പർതാരം സഞ്ജു സാംസണില്ലാതെ കളത്തിലിറങ്ങിയ കൊച്ചി 33 റൺസിനാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെതിരെ തോറ്റത്. കാലിക്കട്ട് ഉയർത്തിയ 250 റൺസ് പിന്തുടർന്ന കൊച്ചി 216 റൺസിൽ എല്ലാവരും പുറത്തായി. കാലിക്കട്ടിന് വേണ്ടി അഖിൽ സ്‌കറിയ നാല് വിക്കറ്റും പി.എം അൻഫലും മനു കൃഷ്ണനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
കൊച്ചിക്കായി മുഹമ്മദ് ഷാനു അർധസെഞ്ച്വറി തികച്ചു. അവസാന ഓവറുകളിൽ മുഹമ്മദ് ആഷിക്ക് വീണ്ടും തകർത്തടിച്ച് മത്സരം ഫിനിഷ് ചെയ്യാൻ ശ്രമിച്ചെങ്കിലും 19ാം ഓവറിൽ അഖിൽ സ്‌കറിയയുടെ പന്തിൽ ബൗൾഡായി. 11 പന്തിൽ നിന്നും അഞ്ച് സിക്‌സറും 1 ഫോറുമടക്കം 345 പ്രഹരശേഷിയിൽ 38 റൺസാണ് ആഷിക്ക് അടിച്ചുക്കൂട്ടിയത്. മത്സരം കൈവിട്ടെന്ന് തോന്നിയ സാഹചര്യത്തിലാണ് ആഷിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്. 22 പന്തിൽ നാല് ഫോറും നാല് സിക്‌സറുമടക്കം 53 റൺസാണ് ഷാനു നേടിയത്. വിനൂപ് മനോഹരന് 17 പന്തിൽ 36 റൺസ് അടിച്ചുക്കൂട്ടി. രാകേഷ് കെജി 30 പന്തിൽ 30, ആൽഫി ഫ്രാൻസിസ് ജോൺ 11 പന്തിൽ 18, ഭേദപ്പെട്ട പ്രകടനം നടത്തി.
നേരത്തെ ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുക്കകുയായിരുന്നു. സൂപ്പർ താരം സഞ്ജു സാംസൺ ഇന്ന് കളിക്കുന്നില്ല. തുടർച്ചയായ വെടിക്കെട്ട് പ്രകടനങ്ങൾക്ക് ശേഷം സഞ്ജു വിശ്രമം തിരഞ്ഞെടുത്തതാണെന്നാണ് സൂചന.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വേണ്ടി 94 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് ടോപ് സ്‌കോററായത്. ആറ് ഫോറും എട്ട് സിക്സറുമടിച്ചായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അഖിൽ സ്‌കറിയ 19 പന്തിൽ 45 റൺസ് നേടി. മറുതുങ്കൽ അജിനാസ് 33 പന്തിൽ നിന്നും 49 റൺസ് സ്വന്തമാക്കി.
Content Highlights- Kochi Blue Tigers Lost against Calicut Globestars in KCL even after tremandous performance by Muhammed Ashik