'ഗംഭീർ എന്തുകൊണ്ടാണ് അസ്വസ്ഥനായതെന്ന് അറിയില്ല'; ക്യുറേറ്ററുമായുള്ള വിഷയത്തില്‍ പ്രതികരിച്ച് ഗാംഗുലി

ഓവല്‍ ടെസ്റ്റിന് മുന്നോടിയായാണ് പിച്ച് ക്യുറേറ്ററും കോച്ച് ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റം ഉണ്ടായത്

dot image

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ഓവൽ ഗ്രൗണ്ടിലെ പിച്ച് ക്യുററ്റേറും തമ്മിലുണ്ടായ വാക്കുതർക്കം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പിച്ച് നോക്കാൻ വന്ന ഗംഭീറിനോട് 2.5 അടി മാറി നിന്ന് പരിശോധിക്കാൻ ക്യുററ്റേറായ ലീ ഫോർടിസ് ആവശ്യപ്പെടുകയും ഗംഭീർ അതിന് മറുപടി നൽകുന്നതുമാണ് വിവാദമായത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ​ഗംഭീർ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നാണ് ​ഗംഭീർ അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ കളിയുടെ ഭാഗമാണെന്നും അത് അമിതമായി ആഘോഷിക്കരുതെന്നും 'ദാദ' പറഞ്ഞു.

'ഗംഭീര്‍ എന്തുകൊണ്ടാണ് അസ്വസ്ഥനായതെന്ന് എനിക്കറിയില്ല. ക്യാപ്റ്റന്മാരും പരിശീലകരും ഗ്രൗണ്ട് സ്റ്റാഫുകളുമായി ചര്‍ച്ചകളുണ്ടാവാറുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ചിലപ്പോള്‍ സന്തോഷമുള്ളതും ചിലപ്പോള്‍ അത്ര രസകരമാവാത്തതും ആവാറുണ്ട്. എന്റെ കാലത്തും അതുണ്ടായിട്ടുണ്ട്. ഇനി ഭാവിയിലും ഇത്തരം സംഭവങ്ങള്‍ നടക്കുകയും ചെയ്യും. അതിനെ നന്നായി ആഘോഷിക്കാതെ വിടുക. മത്സരത്തില്‍ ഇന്ത്യ നന്നായി കളിക്കാനും പരമ്പര സമനിലയാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം', ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ജൂലൈ 28 തിങ്കളാഴ്ച തന്നെ ഇന്ത്യൻ ടീം ഓവലിലെത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ കോച്ച് ഗംഭീർ ഗ്രൗണ്ട് സ്റ്റാഫുമായി വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. ഓവലിലെ പിച്ചിൽ ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെയാണ് ചീഫ് ക്യുറേറ്ററായ ലീ ഫോർട്ടിസുമായി ഗംഭീർ തർക്കിച്ചത്.

Content Highlights: Sourav Ganguly Addresses Gautam Gambhir-Pitch Curator Spat

dot image
To advertise here,contact us
dot image