
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ. പരമ്പരയിലെ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ നാല് ഇന്ത്യൻ താരങ്ങള്‍ 400 റണ്‍സിലേറെ നേടി. ഇന്ത്യയുടെ 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാല് താരങ്ങള്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരേസമയം 400 ലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ആദ്യ നാലു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. 722 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് റണ്‍വേട്ടയില്‍ ഒന്നാമത്. ഒരു ഇരട്ട സെഞ്ച്വറി അടക്കം നാല് സെഞ്ച്വറികളാണ് ഗില്‍ ഈ പരമ്പരയില്‍ നിന്ന് മാത്രം നേടിയത്.
511 റണ്‍സുമായി കെ എല്‍ രാഹുലാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിറികളുമാണ് രാഹുല്‍ പരമ്പരയില്‍ നേടിയത്. 479 റണ്‍സുമായി റിഷഭ് പന്താണ് റണ്‍വേട്ടക്കാരില്‍ മൂന്നാമത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും റിഷഭ് പന്തിന്‍റെ പേരിലുണ്ട്. പരിക്കുമൂലം അവസാന ടെസ്റ്റില്‍ കളിക്കാനാവാത്തതിനാല്‍ റിഷഭ് പന്തിന് 500 റണ്‍സ് പിന്നിടാനാവാനില്ല.
മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടിയതോടെ രവീന്ദ്ര ജഡേജ റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളില്‍ 454 റൺസാണ് ജഡേജ നേടിയത്. ഒരു സെഞ്ച്വറി യും നാല് അര്‍ധസെഞ്ച്വറിയുമാണ് ജഡേജയുടെ പേരിലുള്ളത്.
Content Highlights: The top four run-getters in the series are all Indians; Indian players achieve rare feats