
സാരമായ പരിക്കേറ്റിട്ടും ടീമിനായി ആവുന്നത്ര പൊരുതിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി പരിശീലകൻ ഗൗതം ഗംഭീർ. പന്ത് പുറത്തെടുത്ത പോരാട്ട വീര്യം സമാനതകളില്ലാത്തതാണെന്നും കാലമത്ര കഴിഞ്ഞാലും തലമുറകളിലൂടെ അത് ഓർത്തെടുക്കപ്പെടുമെന്നും ഗംഭീർ പറഞ്ഞു.
കാലിന് ഗുരുതര പരിക്കേറ്റ പന്ത് അഞ്ചാം ടെസ്റ്റിൽ ടീമിനൊപ്പമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗംഭീർ അത് ഇന്ത്യയ്ക്ക് തീരാ നഷ്ടവും തിരിച്ചടിയാകുമെന്നും കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് പന്തിന്റെ പുറത്താകൽ. ഇന്നലെ മാഞ്ചസ്റ്റർ ടെസ്റ്റിലെ അഞ്ചാം ദിനം ക്രച്ചസിൽ വന്ന താരം അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. പകരക്കാരനായി തമിഴ്‌നാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നാരായൺ ജഗദീശനെ ബിസിസിഐ പ്രഖ്യാപിച്ചു.
നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബാറ്റ് ചെയ്യവെയാണ് താരത്തിന് പരിക്കേൽക്കുന്നത്. ക്രിസ് വോക്സിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളിലാണ് പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് പെട്ടെന്ന് മുഴയ്ക്കുകയും ചെയ്തു. താരം റിട്ടയർ ഹാർട്ടാവുകയും ചെയ്തു.
ഇതോടെ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും പരിക്കുകൾ വകവെക്കാതെ വീണ്ടും ആവശ്യ ഘട്ടത്തിൽ താരം കളത്തിലിറങ്ങുകയും അർധ സെഞ്ച്വറി നേടുകയും ചെയ്തു. അതേ സമയം പരമ്പര സമനിലയാക്കാനുള്ള അവസരമെന്ന നിലയിൽ ജൂലായ് 31 മുതൽ ആരംഭിക്കുന്ന ടെസ്റ്റിൽ പന്ത് ഇല്ലാത്തത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകും. ടൂർണമെന്റിൽ ഇതുവരെ ഏഴ് ഇന്നിങ്സിൽ നിന്നായി 479 റൺസ് താരം നേടിയിട്ടുണ്ട്.
Content Highlights: 'Generations will remember the fighting spirit of rishab pant'Gambhir