
ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 232 പന്തിൽ 12 ഫോറുകൾ അടക്കമാണ് സെഞ്ച്വറി. താരമിപ്പോഴും ക്രീസിലുണ്ട്. ഇതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷ തിരിച്ചെടുത്തു.
ഗില്ലിനൊപ്പം 10 റൺസുമായി വാഷിങ്ടൺ സുന്ദറും ക്രീസിലുണ്ട്. നിലവിൽ 84 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റു നഷ്ടത്തിൽ 210 റൺസ് എന്ന നിലയിലാണ്. 90 റൺസ് നേടിയ കെ എൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി.
ഇന്നലെ 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. സ്കോർ പൂജ്യത്തിൽ നിൽക്കുമ്പോഴായിരുന്നു ഇരു വിക്കറ്റുകളും വീണത്. ക്രിസ് വോക്‌സാണ് ഇന്ത്യയെ തകർത്തത്. പിന്നീട് രാഹുലും ഗില്ലും മൂന്നാം വിക്കറ്റിൽ 188 റൺസ് ചേർത്തു.
അതേ സമയം ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 669 റൺസ് നേടി. ഇതോടെ ആതിഥേയർക്ക് 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.
ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും ബെൻ സ്റ്റോക്‌സും സെഞ്ച്വറി നേടി. റൂട്ട് 151 റൺസും സ്റ്റോക്സ് 141 റൺസും നേടി. 94 റൺസ് നേടിയ ബെൻ ഡക്കറ്റും 84 റൺസ് നേടിയ സാക്ക് ക്രൗളിയും ഭേദപ്പെട്ട സംഭാവന നൽകി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബെൻ സ്റ്റോക്‌സാണ് തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി സായ് സുദർശനും യശ്വസി ജയ്‌സ്വാളും അർധ സെഞ്ച്വറി നേടി.
പരമ്പരയിൽ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മല്‍സരം തോറ്റാല്‍ പരമ്പര നഷ്ടമാവും. ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. മാഞ്ചസ്റ്ററില്‍ ഇന്ന് നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ശുഭ്മൻ ഗില്ലിന്റെ ലക്ഷ്യം.
Content Highlights: Gill hits century; India not giving up hope in Manchester