

ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്‌ത്തി സഞ്‌ജു സാംസൺ ആദ്യമായി സ്വന്തം നാട്ടിൽ ഇന്ത്യൻ കുപ്പായമണിയും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൽഫീൽഡ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 മത്സരം. പരമ്പരയിൽ ഇന്ത്യ 3–1ന് മുന്നിലാണ്. നാലുമത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്ന സഞ്ജു, സ്വന്തം മണ്ണിൽ തകർപ്പൻ ഫോമിലേക്ക് തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
സ്വന്തം തട്ടകത്തിൽ കളിക്കാൻ ഇറങ്ങുന്നതിന്റെ ആത്മവിശ്വാസം സഞ്ജു സാംസണിൽ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വെെകീട്ടായിരുന്നു കാര്യവട്ടത്ത് ഇന്ത്യൻ താരങ്ങൾ പരിശീലന സെഷനായി ഇറങ്ങിയത്. സഞ്ജു തകർപ്പൻ ബാറ്റിങ് പ്രകടനമാണ് നെറ്റ്സിൽ കാഴ്ചവെച്ചിരിക്കുന്നത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ സഞ്ജു നെറ്റ്സിൽ തകർത്തടിച്ചുവെന്നാണ് റിപ്പോർട്ടുകളുള്ളത്. ബുംറയെ വളരെ ആത്മവിശ്വാസത്തോടെയാണ് സഞ്ജു നേരിട്ടത്.
നെറ്റ്സിൽ ത്രോ ബോളുകളേയും മികച്ച ടെെമിങ്ങോടെയാണ് സഞ്ജു നേരിട്ടത്. എന്നാൽ സ്പിന്നർമാർ സഞ്ജുവിനെ അൽപ്പം ബുദ്ധിമുട്ടിച്ചെന്നാണ് റിപ്പോർട്ട്. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ സഞ്ജുവിനെതിരേ നെറ്റ്സിൽ പന്തെറിഞ്ഞു. എന്നാൽ സ്പിന്നിനെതിരെ ആധിപത്യം പുലർത്താൻ സഞ്ജുവിന് സാധിച്ചില്ല. എന്തായാലും ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Content Highlights: IND vs NZ: Sanju Samson Samshes Jasprit Bumrah in Nets Session, Fans hopes for big Comeback