വിരമിക്കല്‍ മത്സരത്തില്‍ റസ്സലിന് നിരാശ; ഓസീസിനെതിരായ രണ്ടാം ടി20യില്‍ വിന്‍ഡീസിന് പരാജയം

റസ്സല്‍ തന്റെ അവസാനത്തെ മത്സരത്തില്‍ തകര്‍ത്തടിക്കാന്‍ സാധിച്ചെങ്കിലും നിരാശയോടെ മടങ്ങുകയായിരുന്നു

dot image

വിരമിക്കല്‍ മത്സരത്തില്‍ സൂപ്പര്‍ താരം ആന്ദ്രേ റസ്സലിന് നിരാശ സമ്മാനിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ പരാജയം. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് വിന്‍ഡീസ് ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റസ്സല്‍ തന്റെ അവസാനത്തെ മത്സരത്തില്‍ തകര്‍ത്തടിക്കാന്‍ സാധിച്ചെങ്കിലും നിരാശയോടെ മടങ്ങുകയായിരുന്നു.

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യത്തിലേക്ക് 15.2 ഓവറിൽ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തിൽ എത്തിയാണ് ഓസ്ട്രേലിയ വിജയം പിടിച്ചെടുത്തത്. ജോഷ് ഇംഗ്ലിസിന്റെയും കാമറൂൺ ഗ്രീനിന്റെയും തകർപ്പൻ കൂട്ടുകെട്ടിന്റെ കരുത്തിലാണ് സന്ദർശകർ ലക്ഷ്യത്തിലെത്തിയത്. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി.

ടോസ് നേടി ആദ്യം ബോളിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസിനെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന സ്കോറിൽ ഒതുക്കി. വെസ്റ്റ് ഇൻഡീസിനായി അവസാന മത്സരം കളിക്കുന്ന ആന്ദ്രേ റസ്സൽ 15 പന്തിൽ 36 റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഓസ്‌ട്രേലിയൻ ബോളർമാർ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

ഓപ്പണർ ബ്രണ്ടൻ കിംഗ് 51 റൺസെടുത്ത് മികച്ച അടിത്തറ പാകിയെങ്കിലും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ഓസീസിന് സാധിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ 29 റൺസിന് 3 വിക്കറ്റ് നേടി തിളങ്ങി. ഗ്ലെൻ മാക്സ്‌വെല്ലും നഥാൻ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഓപ്പണർമാരായ ഗ്ലെൻ മാക്സ്‌വെല്ലിനെയും (12) ക്യാപ്റ്റൻ മിച്ചൽ മാർഷിനെയും (21) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ജോഷ് ഇംഗ്ലിസ് 33 പന്തിൽ ഏഴ് ഫോറുകളും അഞ്ച് സിക്‌സറുകളും സഹിതം 78 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കാമറൂൺ ഗ്രീൻ 32 പന്തിൽ നാല് സിക്സറുകളടക്കം 56 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇംഗ്ലിസിന് മികച്ച പിന്തുണ നൽകി. വെറും 59 പന്തിൽ 131 റൺസ് അടിച്ചുകൂട്ടിയ ഈ കൂട്ടുകെട്ട് വെസ്റ്റ് ഇൻഡീസ് ബോളിംഗ് നിരയെ പൂർണ്ണമായി തകർത്തു.

Content Highlights: AUS vs WI 2nd T20: Andre Russell's Farewell Ruined With A Loss

dot image
To advertise here,contact us
dot image