
ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ആക്കി ഉയർത്താൻ ആലോചന. 2028ലെ ടി20 ലോകകപ്പ് മുതലാകും 32 ടീമുകൾ ടി20 ലോകകപ്പിനെത്തുക. സിംഗപ്പൂരിൽ നടക്കുന്ന ഐസിസി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. റെവ്സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2024ൽ ഇന്ത്യ ചാംപ്യന്മാരായ ട്വന്റി 20 ലോകകപ്പിൽ 20 ടീമുകൾ പങ്കെടുത്തിരുന്നു. 2026ൽ നടക്കുന്ന അടുത്ത ടി20 ലോകകപ്പിലും 20 ടീമുകളെ പങ്കെടുപ്പിക്കാനാണ് ഐസിസി തീരുമാനം. എങ്കിലും 2026ലെ ടി20 ലോകകപ്പിന് ഇറ്റലി യോഗ്യത നേടിയത് ഐസിസിക്ക് വലിയ പ്രോത്സാഹനമായിട്ടുണ്ട്. പരമ്പരാഗതമായി ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങൾക്ക് അപ്പുറത്തേയ്ക്ക് ഈ കായിക വിനോദം വളരുന്നുവെന്നാണ് ഇറ്റലിയുടെ യോഗ്യതയിലൂടെ ഐസിസി വിലയിരുത്തുന്നത്.
അതിനിടെ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 12ൽ അധികമാക്കുന്നതിനോട് ഐസിസിക്ക് യോജിപ്പില്ല. അതുപോലെ ടെസ്റ്റ് ക്രിക്കറ്റ് രണ്ട് ഡിവിഷനുകളിലായി നടത്താനും ഐസിസി ആലോചിക്കുന്നുണ്ട്. ഫുട്ബോൾ ലീഗുകൾക്ക് സമാനമായി ഡിവിഷനുകളിൽ പ്രമോഷനും റെലിഗേഷനും കൊണ്ടുവരാനും സാധ്യതയുണ്ട്.
Content Highlights: ICC Mulls Expanding T20 World Cup To 32 Teams