സൂപ്പർ ഓവറിന് പകരം ബൗൾ ഔട്ട്; വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആവേശ വിജയം

ബൗൾ ഔട്ടിൽ 2-0ത്തിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം

dot image

വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻ‍ഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ചാംപ്യൻസിന് ആദ്യ ജയം. ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ചാംപ്യൻസിനെ ബൗൾ ഔട്ടിലാണ് ദക്ഷിണാഫ്രിക്ക ചാംപ്യൻസ് പരാജയപ്പെടുത്തിയത്. മഴയെ തുടർന്ന് 11 ഓവറാക്കി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ചാംപ്യൻസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 11 ഓവറിൽ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെടുത്തു. ഇരുടീമുകളും ഒരുപോലെ റൺസ് സ്കോർ ചെയ്തതോടെയാണ് മത്സരം ബൗൾഔട്ടിലേക്ക് നീങ്ങിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ചാംപ്യൻസ് വെസ്റ്റ് ഇൻഡീസ് ചാംപ്യൻസിനെ ബാറ്റിങ്ങിന് അയച്ചു. 28 റൺസെടുത്ത ലെൻഡൽ സിമൻസ്, പുറത്താകാതെ 27 റൺസെടുത്ത ചാഡ്‍വിക്ക് വാൾട്ടൻ എന്നിവരുടെ പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ 27 റൺസെടുത്ത സറേൽ എർവീ, പുറത്താകാതെ 25 റൺസെടുത്ത ജെ പി ഡുമിനി എന്നിവരാണ് തിളങ്ങിയത്.

ബൗൾഔട്ടിൽ ആ​​ദ്യം പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങൾ സ്റ്റമ്പ് തകർത്തു. ജെ ജെ സ്മത്ത്സ്, വെയിൻ പാർനൽ എന്നിവർ സ്റ്റമ്പിൽ പന്ത് കൊള്ളിച്ചു. ആരോൺ ഫാൻ​ഗിസോ, ക്രിസ് മോറിസ്, ഹാർഡസ് വിജോൻ എന്നിവരുടെ ശ്രമങ്ങൾ സ്റ്റമ്പിൽ കൊണ്ടില്ല. വെസ്റ്റ് ഇൻഡീസിനായി പന്തെറിഞ്ഞ നാല് ശ്രമങ്ങളും പിഴച്ചതോടെ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചു. ഫിഡൽ എ‍ഡ്വേർഡ്സ്, ആഷ്ലി നഴ്സ്, ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് വിൻഡീസിനായി ബൗൾഔട്ടിൽ പന്തെറിഞ്ഞത്.

2006ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി മത്സരഫലം ടൈകാമ്പോൾ വിജയികളെ നിർണയിക്കാൻ ബൗൾഔട്ട് രീതി കൊണ്ടുവന്നത്. എന്നാൽ ഇം​ഗ്ലണ്ടിൽ ആഭ്യന്തര ക്രിക്കറ്റിൽ ബൗൾഔട്ട് ഇതിന് മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഫുട്ബോളിലെ പെനാൽറ്റി ഷൂട്ടൗട്ടിന് തുല്യമായി ​ക്രിക്കറ്റ് പിച്ചിലെ സ്റ്റമ്പ് ലക്ഷ്യമാക്കി പന്തെറിഞ്ഞ് കൊള്ളിക്കുകയായിരുന്നു ബൗൾ ഔട്ട് രീതി.

2006ൽ ന്യൂസിലാൻഡും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ബൗൾഔട്ട് നടപ്പിലായി. ഇവിടെ ന്യൂസിലാൻഡിനായിരുന്നു വിജയം. 2007ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചതും ബൗൾഔട്ടിലായിരുന്നു. എന്നാൽ പിന്നീട് ഐസിസി ഈ നിയമത്തിന് പകരമായി സൂപ്പർഓവർ കൊണ്ടുവരികയായിരുന്നു.

Content Highlights: South Africa Champions seal a nail-biting win in WCL

dot image
To advertise here,contact us
dot image