'ബുംറയെ വിശ്വസിക്കാന്‍ ജഡേജ തയ്യാറായിരുന്നില്ല, തോല്‍ക്കുമെന്ന ഭയമാവാം!'; പ്രതികരിച്ച് മുന്‍ താരം

പരാജയപ്പെടുമെന്ന സമ്മര്‍ദ്ദവും ഭയവുമായിരിക്കാം ഇതിന് കാരണമെന്നും ബല്‍വീന്ദര്‍ പറഞ്ഞു

dot image

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തെ വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് വിജയിച്ച ബല്‍വീന്ദര്‍ സിങ് സന്ധു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടി പിടിച്ചുനിന്ന ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയപ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഷുഐബ് ബഷീറിന്റെ പന്തില്‍ മുഹമ്മദ് സിറാജ് പുറത്തായതോടെ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ അടിയറവ് പറയുകയായിരുന്നു.

22 റണ്‍സ് ദൂരത്തില്‍ ഇന്ത്യ പരാജയം വഴങ്ങുമ്പോള്‍ ജഡേജ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതിന് പിന്നാലെ ജഡേജയുടെ പ്രകടനത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജഡേജ തന്റെ സഹബാറ്ററായ ജസ്പ്രീത് ബുംറയില്‍ വിശ്വാസമര്‍പ്പിച്ചില്ലെന്ന് പറയുകയാണ് ബല്‍വീന്ദര്‍ സിങ് സന്ധു. പരാജയപ്പെടുമെന്ന സമ്മര്‍ദ്ദവും ഭയവുമായിരിക്കാം ഇതിന് കാരണമെന്നും ബല്‍വീന്ദര്‍ പറഞ്ഞു.

'രവീന്ദ്ര ജഡജേ അണ്ടര്‍ 19 ടീമില്‍ കളിക്കുന്നതു മുതല്‍ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിച്ചിരുന്നയാളാണ് ജഡേജ. സമ്മര്‍ദ ഘട്ടത്തില്‍ ബുദ്ധിപൂര്‍വമുള്ള കളിയും അവന്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഇത്തവണ തന്റെ ബാറ്റിങ് പാര്‍ട്ണറെ ജഡേജ വിശ്വസിച്ചില്ല. ഒരുപക്ഷേ പരാജയപ്പെടുമെന്ന ഭയമോ സമ്മര്‍ദമോ ആയിരിക്കാം അതിന് കാരണം,' മിഡ് ഡേയിലെ തന്റെ കോളത്തില്‍ സന്ധു കുറിച്ചു.

'ബുംറ മികച്ച രീതിയില്‍ പന്ത് ഡിഫന്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ജഡേജ തന്റെ സഹബാറ്ററില്‍ വിശ്വാസം അര്‍പ്പിക്കണമായിരുന്നു. സ്ട്രൈക്ക് നിലനിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കാതെ ജഡേജ നാലാം പന്തില്‍ ഷോട്ട് കളിക്കേണ്ടിയിരുന്നു. അവസാന രണ്ട് പന്തില്‍ അവന്‍ സ്വയം പിന്തുണച്ചിരുന്നെങ്കില്‍ ഒരു ബൗണ്ടറി നേടാനുള്ള സാധ്യതയുണ്ടായിരുന്നു', സന്ധു കൂട്ടിച്ചേര്‍ത്തു.

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരെല്ലാം വീണപ്പോള്‍ ജഡേജയ്ക്ക് പിന്തുണ നല്‍കി ക്രീസില്‍ നില്‍ക്കാന്‍ ബുംറ ശ്രമിച്ചിരുന്നു. ലോര്‍ഡ്‌സില്‍ 54 പന്തുകളില്‍ അഞ്ച് റണ്‍സെടുത്ത ബുംറയെ ബെന്‍ സ്റ്റോക്സാണ് മടക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് ബുംറ പുറത്തായത്.

Content Highlights: 'Why Didn't he Trust Jasprit Bumrah?', Ravindra Jadeja Blamed For Lord's Test Loss Bizarrely, Ex-India Great Balwinder Singh Sandhu

dot image
To advertise here,contact us
dot image