വരുമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പുമായി BCCI; 2023-24ല്‍ നേടിയത് 9742 കോടി രൂപ, IPLല്‍ നിന്ന് മാത്രം 5761 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനക്കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്

dot image

ലോകക്രിക്കറ്റിൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഐസിസിയുടെ വരുമാനത്തിൽ ഏറിയ പങ്കും ലഭിക്കുന്നത് ബിസിസിഐയ്ക്കാണ്. മറ്റു പല വരുമാന മാർ​ഗങ്ങളും ബോർഡിനുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനക്കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്.

2023-24 വർഷത്തിൽ‌ ബിസിസിഐയുടെ വരുമാനം 9741 കോടിയാണ്. ഇതിൽ പകുതിയിലധികവും ലഭിച്ചത് ഐപിഎല്ലിൽ നിന്നാണ്. 5761 കോടിയാണ് ഐപിഎൽ നടത്തിപ്പിൽ നിന്ന് മാത്രം ബിസിസിഐയുടെ ​ഗജനാവിലെത്തിയത്. മൊത്തം വരുമാനത്തിന്റെ 59 ശതമാനം വരുമിത്. ഐപിഎൽ ഇതര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം വിറ്റ വകയിലടക്കം 361 കോടിയാണ് ബോർഡിന് ലഭിച്ചത്.

ബിസിസിഐയെ സംബന്ധിച്ച് ഐപിഎൽ ഒരു പൊൻമുട്ടയിടുന്ന താറാവാണെന്നാണ് പുതിയ കണക്കുകൾ‌ പുറത്ത് വന്ന ശേഷം ബിസിനസ് വിദ​ഗ്ധനായ ലോയ്ഡ് മത്യാസ് പ്രതികരിച്ചത്. 2007ൽ ബിസിസിഐ ഒരു പൊൻമുട്ടയിടുന്ന താറാവിനെ കണ്ടെത്തി. ലോകത്തിലെ തന്നെ മികച്ചൊരു ക്രിക്കറ്റ് ടൂർണമെന്റായി അത് വളർന്നു. മീഡിയാ റൈറ്റ്സ് വർധിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന പല താരങ്ങൾക്കും മുന്നിൽ അത് അവസരങ്ങളുടെ വാതിൽ തുറന്നിട്ടു. ഐപിഎൽ വളരും തോറും ബിസിസിഐയുടെ വരുമാനത്തിലും ആ വളർച്ച പ്രതിഫലിക്കും", ലോയ്ഡ് പ്രതികരിച്ചു.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ പരമ്പരാഗത ഫോർമാറ്റുകളെ വാണിജ്യവൽക്കരിക്കുന്നതിലൂടെ വലിയ സാധ്യതകളാണ് ബിസിസിഐക്ക് മുന്നിൽ തുറന്ന് കിട്ടുന്നത് എന്ന് റെഡിഫ്യൂഷൻ മേധാവി സന്ദീപ് ഗോയൽ പറഞ്ഞു.

ഐസിസിയുടെ വരുമാനത്തിൽ നിന്ന് പ്രതിവർഷം 38.5 ശതമാനമാണ് ബിസിസി.ഐക്ക് ലഭിക്കുക. ഏകദേശം 1968 കോടി രൂപ വരുമിത്. ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ഇം​ഗ്ലണ്ടിനും ആസ്ത്രേലിയക്കുമാണ് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് 6.89 ശതമാനവും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് 6.25 ശതമാനവുമാണ് ലഭിക്കുക. ഇതിനെതിരെ പല ക്രിക്കറ്റ് ബോർഡുകളും നേരത്തേ വിമർശനവുമായി രം​ഗത്ത് വന്നിരുന്നു.

2023 ൽ ഐസിസി നടപ്പിലാക്കിയ റെവന്യൂ ഷെയറിങ് മോഡൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഴുവൻ വരുമാനത്തിന്റെ 12 ശതമാനം ഫുൾ മെമ്പർമാരായ ഒമ്പത് രാജ്യങ്ങൾക്കിടയിലാണ് വിഭജിക്കുക. എന്നാൽ ഐസിസിക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകൾ ഇതിൽ ഉൾപ്പെടില്ല.

ഐസിസിക്ക് ഏറ്റവും അധികം വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഇന്ത്യക്ക് നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ചോദിക്കാൻ അർഹതയുണ്ടെന്നാണ് അടുത്തിടേ മുൻ ഇന്ത്യൻ കോച്ചും കമന്റേറ്ററുമായ രവിശാസ്ത്രി പ്രതികരിച്ചത്. '38.5 ശതമാനത്തേക്കാൾ ഇന്ത്യ അർഹിക്കുന്നുണ്ട്. ഐസിസിക്ക് ലഭിക്കുന്ന വരുമാനത്തിലെ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണ്. അതിനാൽ അവർക്ക് കൂടുതൽ ചോദിക്കാൻ അർഹതയുണ്ട്- ഇതായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

Content Highlights: BCCI Rakes In Rs 9,741.7 Crore In 2023-24: IPL Alone Contributes 59 Per Cent

dot image
To advertise here,contact us
dot image