ബാറ്റും കാലും ക്രീസിന് മുകളിൽ, പക്ഷേ ​ഗ്രൗണ്ടിൽ ടച്ചായില്ല; നിർഭാ​ഗ്യകരമായി റൺഔട്ടായി ഹർലീൻ ഡിയോൾ

അതിനിടെ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം

dot image

ഇം​ഗ്ലണ്ട് വനിതകൾക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ നിർഭാ​ഗ്യകരമായി റൺഔട്ടായി ഇന്ത്യൻ വനിതാ താരം ഹർലീൻ ഡിയോൾ. റൺസിനായി ഓടുന്നതിനിടെ ബാറ്റും കാലും ക്രീസിന് മുകളിലെത്തിയിട്ടും ​പന്ത് സ്റ്റമ്പ് ഇളക്കുന്നതിന് മുമ്പ് താരം ക്രീസിൽ കുത്താതിരുന്നതാണ് ഔട്ടാകുന്നതിന് കാരണമായത്.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യൻ ഇന്നിങ്സിന്റെ 22-ാം ഓവറിലാണ് സംഭവം. ഇം​ഗ്ലണ്ടിനായി ചാർലി ഡീനാണ് പന്തെറിഞ്ഞത്. ബോൾ മിഡ് ഓണിലേക്ക് തട്ടിയിട്ട ശേഷം ഹർലീൻ റൺസിനായി ഓടി. ബൗളിങ് എൻഡിലെ ക്രീസിലേക്ക് ഹർലീൻ എത്തിയതുമാണ്. താരത്തിന്റെ ഒരു കാലും ബാറ്റും ക്രീസിന് മുകളിലായിരുന്നു. പക്ഷേ ഡേവിഡ്സൺ റിച്ചാർഡ്സ് എറിഞ്ഞ ത്രോ സ്റ്റമ്പ് തകർക്കും മുമ്പ് ഹർലീന് ക്രീസിൽ കാലോ ബാറ്റോ ടച്ച് ചെയ്തിരുന്നില്ല. ഇതോടെയാണ് താരം നിർഭാ​ഗ്യകരമായി റൺഔട്ടായത്.

അതിനിടെ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. നാല് വിക്കറ്റിനെ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് വനിതകൾ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. 83 റൺസെടുത്ത സോഫിയ ഡങ്കലിയാണ് ടോപ് സ്കോറർ. 53 റൺസെടുത്ത ആലിസ് സോഫിയ ഡേവിഡ്സൺ സോഫിയയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തിരുന്നു. ക്യാപ്റ്റൻ നാറ്റ് സ്കിവർ ബ്രെന്റ് 41 റൺസും എമ ലാംമ്പ് 39 റൺസും സോഫി എക്ലസ്റ്റോൺ 23 റൺസും സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ എല്ലാവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പ്രതിക റാവൽ 23, സ്മൃതി മന്ദാന 28, ഹർലീൻ ഡിയോൾ 27, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 17, ജമീമ റോഡ്രി​ഗസ് 48, ദീപ്തി ശർമ പുറത്താകാതെ 62, റിച്ച ഘോഷ് 10, അമൻജോത് കൗർ പുറത്താകാതെ 20 എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. 48.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Content Highlights: Bat in the air, foot in the air: Harleen Deol run out in unbelievable fashion

dot image
To advertise here,contact us
dot image